തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂര്‍വമായ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതായത് തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ കൃത്യമായി വികസിക്കാത്തതാണ് ഇതില്‍ പ്രശ്നം.

അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ തന്നെ, അതായത് പ്രസവത്തിന് മുമ്പെ തന്നെ കുഞ്ഞിന് ശസ്ത്രക്രിയ. അമേരിക്കയിലാണ് ചരിത്രപരമായ സംഭവം നടന്നിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. 

തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന അപൂര്‍വമായ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്താൻ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതായത് തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴല്‍ കൃത്യമായി വികസിക്കാത്തതാണ് ഇതില്‍ പ്രശ്നം. ഇതോടെ ഞരമ്പുകളില്‍ രക്തം കെട്ടിക്കിടക്കാനും ഹൃദയവും തലച്ചോറുമടക്കമുള്ള അവയവങ്ങള്‍ പ്രശ്നത്തിലാകാനും രോഗിക്ക് ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങളില്‍ 50-60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗം മൂലം ഗുരുതരാവസ്ഥയിലേക്ക് എത്താറുണ്ട്. ഇതില്‍ 40 ശതമാനത്തോളമാണ് ഇവരില്‍ മരണസാധ്യതയുള്ളത്. പകുതിയോളം കുഞ്ഞുങ്ങളിലാകട്ടെ രോഗം മൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങളോ തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങളോ ബാക്കിയാവുകയും ചെയ്യാറുണ്ട്.

മിക്ക കേസുകളിലും കുഞ്ഞുങ്ങള്‍ ജനിച്ച ശേഷമാണ് ഈ പ്രശ്നം കണ്ടെത്തപ്പെടാറത്രേ. അങ്ങനെ വരുമ്പോള്‍ അവരില്‍ ശസ്ത്രക്രിയ നടത്തുന്നതും പ്രസവശേഷം തന്നെ ആയിരിക്കുമല്ലോ. എന്നാലീ കേസില്‍ അള്‍ട്രാസൗണ്ട് സ്കാനിലൂടെ കുഞ്ഞിന്‍റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചത്.

ഇങ്ങനെയൊരു ശസ്ത്രക്രിയ ലോകത്ത് തന്നെ ആദ്യമായാണ് സംഭവിക്കുന്നത്. ഇപ്പോഴിത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞിന്‍റെ മരണം സംഭവിച്ചേക്കാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം രോഗം മൂര്‍ച്ഛിച്ച് അത് കുഞ്ഞിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ അപകടകരമാംവിധം ബാധിക്കുകയായിരുന്നു. 

എന്തായാലും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. കുഞ്ഞിന്‍റെ ജീവന് മറ്റ് ഭീഷണിയൊന്നും നിലവിലില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചരിത്രത്തിലാദ്യമായത് കൊണ്ട് തന്നെ സംഭവം വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏവരും അഭിനന്ദനവും അറിയിക്കുന്നുണ്ട്. 

Also Read:- മൂക്കിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വിഷാദത്തിലേക്ക് പോകാൻ കാരണം: പ്രിയങ്ക ചോപ്ര പറയുന്നു...

ബൈക്കില്‍ സഞ്ചരിച്ച വ്യാപാരിയെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആക്രമിച്ചു | Kannur