ചെവിയില്‍ എപ്പോഴും ഒരു മൂളല്‍ കേള്‍ക്കുന്നുവെന്ന പരാതിയുമായാണ് വിയറ്റ്‌നാമിലെ ഡീന്‍ ബീന്‍ സ്വദേശിയായ യുവതി, വീടിനടുത്ത് തന്നെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. മൂളല്‍ മാത്രമല്ല, എന്തോ അസ്വസ്ഥതയും ചെവിയില്‍ തോന്നാറുണ്ടെന്നും ഇവര്‍ പറഞ്ഞു. 

ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ, ഈ പ്രശ്‌നം തുടങ്ങിയിട്ടെന്നും മറ്റ് അസുഖങ്ങളൊന്നും അടുത്തിടെ ഉണ്ടായിട്ടില്ലെന്നും അവര്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്‍ന്ന് ക്യാമറയുപയോഗിച്ച് ചെവിക്കകത്തെ പ്രശ്‌നമെന്തെന്ന് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. 

ക്യാമറയിലൂടെ ചെവിക്കകത്തെ കനാലിനകത്ത് പറ്റിയിരിക്കുന്ന പ്രശ്‌നമെന്തെന്ന് അങ്ങനെ ഡോക്ടര്‍മാര്‍ കണ്ടെത്തി. മറ്റൊന്നുമല്ല, സാമാന്യം വലിപ്പമുള്ള ഒരു കൊതുക് ചെവിക്കകത്ത് പെട്ടിരിക്കുകയാണ്. അതിന് അപ്പോഴും ജീവനുണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. 

എങ്ങനെയോ അബദ്ധത്തില്‍ ചെവിക്കകത്ത് പെട്ടുപോയ കൊതുകിന് പിന്നീട് പുറത്തേക്ക് വരാനായില്ല. അവിടെയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യുവതിക്ക് ചെവിക്കകത്ത് അസ്വസ്ഥത അനുഭവപ്പെട്ടത്. അതുപോലെ ചെവിക്കകത്തിരുന്ന് കൊതുക് മൂളുകയും ചെയ്തുകൊണ്ടിരുന്നു. 

തുടര്‍ന്ന് പ്രത്യേക ഉപകരണമുപയോഗിച്ച് ഡോക്ടര്‍മാര്‍ കൊതുകിനെ ചെവിക്കകത്തുനിന്ന് പുറത്തേക്കെടുത്തു. യുവതിയുടെ നില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. 

യാത്ര ചെയ്യുമ്പോഴും രാത്രിയില്‍ ഉറങ്ങുമ്പോഴും മറ്റും കൊതുകിനെ പോലെയുള്ള ചെറിയ പ്രാണികള്‍ ചെവിക്കകത്തേക്ക് പോകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും ഇത് നിസാരമായി കരുതരുതെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ചെവിക്കകത്തേക്ക് ഇങ്ങനെ കയറിപ്പറ്റുന്ന ചെറുപ്രാണികള്‍ പിന്നീട് കേള്‍വിയെത്തന്നെ തകരാറിലാക്കുന്ന തരത്തില്‍ അവിടെ നാശങ്ങളുണ്ടാക്കിയേക്കുമത്രേ. 

അതുപോലെ പ്രാണികള്‍ ചെവിക്കകത്ത് വച്ച് ചത്തുപോയാലും അപകടം തന്നെയാണെന്നും ഇവര്‍ പറയുന്നു. അതായത്, ചത്തുപോകുന്ന പ്രാണിയുടെ അവശിഷ്ടങ്ങള്‍ ചെവിക്കകത്ത് വലിയ രീതിയിലുള്ള അണുബാധയുണ്ടാക്കാനും സാധ്യതയുണ്ട്. എല്ലായ്‌പോഴും ഇത്തരം ഗുരുതരമായ സാഹചര്യങ്ങളുണ്ടായില്ലെങ്കിലും, ഇതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.