ലിറ്റില്‍ ബാംബൂ ട്രീയും ലിറ്റില്‍ മാജിക്കും. അതാണവരുടെ പേരുകള്‍. പേര് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടോ പെട്ടെന്ന് മനസിലേക്ക് നിറഞ്ഞുവരുന്ന ഓമനത്തം തന്നെയാണ് അവരുടെ മുഖം കാണുമ്പോഴും അനുഭവപ്പെടുക. എപ്പോഴും സന്തോഷവതികളായി, പുഞ്ചിരിക്കുന്ന, അധികം ബഹളം വയ്ക്കാത്ത രണ്ട് കുഞ്ഞുങ്ങള്‍. 

ഇപ്പോള്‍ വിയറ്റ്‌നാമില്‍ പത്രമാധ്യമങ്ങളിലും മറ്റും ഇവരെക്കുറിച്ചുള്ള കഥകളാണ് നിറഞ്ഞുനില്‍ക്കുന്നത്. അരയ്‌ക്കെട്ടിനോട് ചേര്‍ന്ന് ഒട്ടിയ നിലയില്‍ 2019 ജൂണിലാണ് ഇവര്‍ ജനിക്കുന്നത്. സിസേറിയനിലൂടെ അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു ഡോക്ടര്‍മാര്‍. ഇരുപത്തിനാല് മണിക്കൂര്‍ ഇരുവരുടേയും നില ഗുരുതരമായിരുന്നു. എന്നാല്‍ ആ കടമ്പ അവര്‍ കടന്നു. 

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും ഇവര്‍ക്ക് പുതിയ വെല്ലുവിളികളായിരുന്നു. ഒരാള്‍ ഇരുന്നാല്‍ മറ്റെയാള്‍ കിടക്കാന്‍ നിര്‍ബന്ധിതയാകും. ഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ മറ്റെയാളുടെ സൗകര്യത്തിന് അനുസരിച്ച് മാറിക്കൊടുത്തുകൊണ്ടേയിരിക്കണം. അങ്ങനെ എന്തിനും ഏതിനും പ്രശ്‌നം തന്നെ. 

 

 

ഒരു വര്‍ഷം കഴിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ ഒരു വയസ് കഴിഞ്ഞു ഇരുവര്‍ക്കും. അതോടെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളും ആയി. 1988ല്‍ ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തിയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ട്രാന്‍ ഡോംഗ് ആണ് ഇവരുടെ ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കിയത്. 

നൂറോളം വിദഗ്ധരുടെ സഹായത്തോടെ 12 മണിക്കൂര്‍ നീണ്ട സര്‍ജറിയായിരുന്നു അത്. ഇപ്പോള്‍ ഇരുവരുടേയും നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. എന്നാല്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്തുവെന്ന് പറയാനുമാകില്ല. പ്ലാസ്റ്റിക് സര്‍ജറികളുള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ ഇനിയും ബാക്കി കിടക്കുന്നു. ഇതിനിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകള്‍ നേരിട്ടേക്കാം. 

 

 

ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് പ്രതീക്ഷയോടെ തുടരാന്‍ തന്നെയാണ് കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന് ഒരുപാട് സഹായങ്ങള്‍ ഉറപ്പുവരുത്താനാകുമെന്നും അതിനാല്‍ തന്നെ ഭയപ്പെടേണ്ടതില്ല എന്നുമാണ് ഇവര്‍ പറയുന്നത്. എങ്കിലും അച്ഛനും അമ്മയും കുഞ്ഞുപെണ്‍മക്കളുടെ കൂടെത്തന്നെ തുടരുകയാണ്. ചങ്കിടിപ്പോടെ... പ്രാര്‍ത്ഥനകളുമായി പ്രിയപ്പെട്ടവരും ഇവര്‍ക്കായി കാത്തിരിക്കുന്നു. 

Also Read:- ഒരേ മുഖം, ഒരേ താത്പര്യങ്ങൾ, ഒരേ ശീലങ്ങൾ; പരീക്ഷയിലെ മാർക്കും ഒപ്പത്തിനൊപ്പം നേടി ഇരട്ടപെൺകുട്ടികൾ...