കൊവിഡ് ഭേദമായവരിൽ വ്യാപകമായി മുടികൊഴിച്ചിലുണ്ടാകുന്നതായി സർവേ റിപ്പോർട്ട്.  ' സർവൈവർ കോർപ്സ് ഫേസ്ബുക്ക് ഗ്രൂപ്പ്'  കൊവിഡ് രോ​ഗമുക്തി നേടിയ 1500 ല്‍ അധികം പേരിൽ പഠനം നടത്തുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കൊവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രായം, ഹോർമോൺ അസന്തുലിതാവസ്ഥ,  സമ്മർദ്ദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, മരുന്നുകളുടെ ഉപയോ​ഗം തുടങ്ങി നിരവധി ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുന്നതായി 'അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി' വ്യക്തമാക്കി. 

'ടെലോജന്‍ എഫ്‌ളുവിയം' (Telogen effluvium) എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ലെനോക്സ് ഹിൽ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. മിഷേൽ ഗ്രീൻ  യുഎസ്എ ടുഡേയോട് പറഞ്ഞു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്‌ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. 

ശാരീരികമോ വൈകാരികമോ ആയ സമ്മർദ്ദം അല്ലെങ്കിൽ അസുഖം മൂലമുണ്ടാകുന്ന താൽക്കാലിക മുടികൊഴിച്ചിലിന്റെ ഒരു രൂപമാണ് 'ടെലോജെൻ എഫ്ലൂവിയം' (ടിഇ). ഇത് ഭയപ്പെടേണ്ട ഒന്നല്ലെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം പഴയ രീതിയിലാകുമെന്നും വിദ​ഗ്ധർ പറയുന്നു.

കൊവിഡ് ഭേദമായവർ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതായി ഉണ്ടെന്നും വിദ​ഗ്ധർ പറയുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

1. തെെര്...

മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലേക്കുള്ള രക്തയോട്ടത്തിനും സഹായിക്കുന്ന 'വിറ്റാമിൻ ബി 5' തൈരിൽ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിൻ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.

 

 

2. മുട്ട...

വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് മുട്ട. മുടിയുടെ വളർച്ചയെ സഹായിക്കുന്ന രണ്ട് പ്രധാന പോഷകങ്ങളാണ് പ്രോട്ടീനും, ബയോട്ടിനും . ഈ പോഷകങ്ങളുടെ അപര്യാപ്തത മുടി കൊഴിച്ചിലിന് കാരണമാകും.

 

 

3. സാൽമൺ മത്സ്യം...

സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ 'ഒമേഗ 3 ഫാറ്റി ആസിഡു'കൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളർച്ചയും സാന്ദ്രതയും മെച്ചപ്പെടുത്തും. കൂടാതെ ഹൃദ്രോഗം പോലുള്ള ചില ആരോഗ്യ അവസ്ഥകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കാൻ ഇത് സഹായിക്കും.

 

 

4. ചീര...

 പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് ചീര. ചീരയിൽ വിറ്റാമിൻ എ, ഫോളേറ്റ്, ഇരുമ്പ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കും.

 

 

5. നട്സ്...

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് നട്സ്. വിറ്റാമിൻ ഇ, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ‌നട്സിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറെ ​ഗുണം ചെയ്യും.

 

 

നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, മഗ്നീഷ്യം, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ (അപൂരിത കൊഴുപ്പ്) മുതലായവയുമുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.

കൊവിഡ് 19; ഫാബിഫ്ളൂവിന്റെ 400 മില്ലിഗ്രാം ഗുളികകൾ പുറത്തിറക്കാൻ ഗ്ലെൻമാർക്ക്...