ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ വെള്ളമോ ചായയോ ഒക്കെ കുടിക്കുന്നത് അനാരോഗ്യകരമാണെന്ന തരത്തിലുള്ള വാദങ്ങള്‍ നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കും. വണ്ണം കൂടും, ദഹന പ്രശ്‌നങ്ങളുണ്ടാകും എന്നും മറ്റുമാണ് പ്രധാനമായും ഇതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടാറ്. 

സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ! പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ഇഷി ഖോസ്ല ഈ വാദത്തോട് പ്രതികരിക്കുന്നതിങ്ങനെ- ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് പറഞ്ഞുകേള്‍ക്കുന്നത് പോലുള്ള യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ല. വണ്ണം കൂടാനോ, ദഹനം മന്ദഗതിയിലാക്കാനോ ഇത് കാരണമാവില്ല. 

എന്നാല്‍ വെള്ളത്തിന് പകരം മറ്റേതെങ്കിലും പാനീയങ്ങളാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പോലുള്ള 'ബീവറേജസ്' ആണെങ്കില്‍ പൊതുവില്‍ തന്നെ ആരോഗ്യത്തിന് നന്നല്ലെന്നും ഭക്ഷണത്തോട് കൂടിയാണ് ഇവ കഴിക്കുന്നതെങ്കില്‍ അത് തീര്‍ത്തും നല്ലതല്ലെന്നും ഇഷി ഖോസ്ല പറയുന്നു. 

അതേസമയം നാരങ്ങവെള്ളം, ഇഞ്ചിയോ പുതിനയിലയോ ചേര്‍ത്ത വെള്ളം എന്നിവ ഭക്ഷണത്തോടൊപ്പം അല്‍പാല്‍പമായി കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്ന് അവശ്യം പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് ശരീരത്തെ സഹായിക്കുമെന്നും, വിറ്റാമിന്‍-സിയുടെ ലഭ്യത ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും ഇവര്‍ പറയുന്നു. 

അതുപോലെ തന്നെ ചായയും കാപ്പിയും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും അത്ര നല്ലതല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറുന്നു. ഇവ ഭക്ഷണത്തില്‍ നിന്ന് കാത്സ്യത്തെ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇത്. ഭക്ഷണത്തോടൊപ്പം റൂം ടെംപറേച്ചറിലുള്ള വെള്ളം കുടിക്കുന്നത് തന്നെയാണ് എപ്പോഴും ഉത്തമമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ 6 ഭക്ഷണങ്ങൾ ശീലമാക്കൂ...