Asianet News MalayalamAsianet News Malayalam

പുരുഷന്മാര്‍ 'സോയ' കഴിക്കുന്നത് ലൈംഗികാരോഗ്യത്തെ ബാധിക്കുമോ?

സ്ത്രീകളുടെ ഹോര്‍മോണായ ഈസ്‌ട്രോജെന്‍ കൂട്ടാന്‍ സോയ സഹായിക്കും എന്ന വിവരത്തില്‍ നിന്നാണ് പ്രധാനമായും ഇത് പുരുഷന് യോജിച്ചതല്ലെന്ന വിമര്‍ശനം ഉണ്ടാകുന്നത്. മാത്രമല്ല, പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ്ത പുരുഷന്മാര്‍ക്ക് തിരിച്ചടിയാകുന്ന ഭക്ഷണമാണോ?
 

does eating soya adversely affect men health
Author
Trivandrum, First Published Apr 2, 2020, 5:23 PM IST

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരമായതുമായ ഒരു ഭക്ഷണമാണ് സോയ. സോയബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സോയ ചംഗ്‌സ്, ഗ്രാന്യൂള്‍സ് എല്ലാം മാര്‍ക്കറ്റില്‍ സുലഭമാണ്. നമ്മുടെ നാട്ടില്‍ അധികവും ഉപയോഗിച്ചുവരുന്നത് സോയ ചംഗ്‌സ് ആണ്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഇതിനെ, ഇഷ്ടാനുസരണം കറി വച്ചോ, ഫ്രൈ ചെയ്‌തോ എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. 

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണം കൂടിയാണ് സോയ. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതോടൊപ്പം തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുമെല്ലാം ഇത് സഹായിക്കും. ഹൃദയാരോഗ്യത്തിന് നല്ലത്, വന്ധ്യതയിലേക്കുള്ള സാധ്യതകളെ കുറയ്ക്കുന്നു, സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു എന്ന് തുടങ്ങി നിരവധി ഗുണങ്ങള്‍ സോയയ്ക്ക് ഉള്ളതായി പഠനങ്ങള്‍ വന്നിട്ടുണ്ട്. 

പച്ചക്കറി മാത്രം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാംസാഹാരത്തെ ഒരു വലിയ പരിധി വരെ പ്രതിനിധീകരിക്കുന്നത് സോയയാണ്. എന്നാല്‍ ഇങ്ങനെയെല്ലാമാണെങ്കിലും സോയയെ ചുറ്റിപ്പറ്റിയും ചില വിവാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അതിലൊന്നാണ് ഇത് പുരുഷന്മാര്‍ക്ക് ചേര്‍ന്ന ആഹാരമല്ല എന്ന വാദം. 

സ്ത്രീകളുടെ ഹോര്‍മോണായ ഈസ്‌ട്രോജെന്‍ കൂട്ടാന്‍ സോയ സഹായിക്കും എന്ന വിവരത്തില്‍ നിന്നാണ് പ്രധാനമായും ഇത് പുരുഷന് യോജിച്ചതല്ലെന്ന വിമര്‍ശനം ഉണ്ടാകുന്നത്. മാത്രമല്ല, പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ്ത പുരുഷന്മാര്‍ക്ക് തിരിച്ചടിയാകുന്ന ഭക്ഷണമാണോ?

അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സോയ കഴിക്കുന്നത് കൊണ്ട് ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂടുകയോ കുറയുകയോ ചെയ്യില്ലെന്നും അത്തരത്തിലുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നത് ലൈംഗികജീവിതത്തെയാണ് ഏറ്റവുമധികം ബാധിക്കുക എന്നത് കൊണ്ട് തന്നെ പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയായും ആശങ്കയുണ്ടായിരിക്കും. എന്നാല്‍ അത്തരമൊരു ദോഷവശം സോയയ്ക്കില്ല. 

2010ല്‍ നടന്ന ഒരു പഠനമാണ് ഇതിന് തെളിവായി എടുക്കാവുന്ന ഒരു രേഖ. 'മിനോസോട്ട യൂണിവേഴ്‌സിറ്റി'യില്‍ നിന്നും 'ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുമുള്ള ഗവേഷകരാണ് സോയയും പുരുഷ ലൈംഗികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രത്യേകമായി പഠനം നടത്തിയത്. ഇവ തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ഇവരുടെ പഠനം സമര്‍ത്ഥിക്കുന്നത്. 

കൊളസ്‌ട്രോളില്‍ നിന്നാണ് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ ഈ കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്ന് തന്നെയുള്ളതാണ്. ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന കൊളസ്‌ട്രോള്‍ ഇതില്‍ നിന്ന് വ്യത്യാസപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഡയറ്റിനെ വലിയ തോതില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനവുമായി കൂട്ടിക്കെട്ടി ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് ഈ പഠനം പറയുന്നത്. ശരീരത്തിന് വേണ്ടത്ര പ്രോട്ടീന്‍ നല്‍കുകയും എന്നാല്‍ വണ്ണം കൂട്ടുകയും ഇല്ലാത്ത ഒരു ഭക്ഷണമായതിനാല്‍ത്തന്നെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഇത് സധൈര്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Follow Us:
Download App:
  • android
  • ios