യഥാര്‍ത്ഥത്തില്‍ പുകവലി തന്നെയാണ് ലോകത്താകെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ അര്‍ബുദത്തിന് പ്രധാന കാരണമാകുന്നത്. ഇന്ത്യയിലും പുകവലി തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്

ക്യാന്‍സര്‍ ബാധിച്ച് ലോകത്താകെയും മരണപ്പെടുന്നവരില്‍ വലിയൊരു വിഭാഗവും ശ്വാസകോശ അര്‍ബുദം അഥവാ 'ലംഗ് ക്യാന്‍സര്‍' ബാധിച്ചവരാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലെ സൂചന. 2018ല്‍ മാത്രം പത്തര ലക്ഷത്തിലധികം പേരാണ് ആഗോളതലത്തില്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്. 

ഈ കണക്കുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ശ്വാസകോശ അര്‍ബുദമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസില്‍ ആദ്യമെത്തുന്ന കാരണം പുകവലിയാണ്. 

യഥാര്‍ത്ഥത്തില്‍ പുകവലി തന്നെയാണ് ലോകത്താകെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ അര്‍ബുദത്തിന് പ്രധാന കാരണമാകുന്നത്. ഇന്ത്യയിലും പുകവലി തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 

'ഒരാള്‍ ഒരു സിഗരറ്റിന് തീ കൊളുത്തുമ്പോള്‍ അയാള്‍ മൂവ്വായിരത്തിലധികം കെമിക്കലുകളെയാണ് അകത്തേക്കെടുക്കാന്‍ തയ്യാറാകുന്നത്. ഇതില്‍ മിക്ക കെമിക്കലുകളും ക്യാന്‍സര്‍ ഏജന്റുകളാണ്. എന്നുവച്ചാല്‍ ക്യാന്‍സര്‍ രോഗത്തിന് ഇടയാക്കുന്നത്. ദിവസത്തില്‍ ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നവരാണെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദം പിടിപെടാനുള്ള സാധ്യത 20 ശതമാനത്തില്‍ അധികമാണ്...'- ചെന്നൈയില്‍ ഓങ്കോളജിസ്റ്റായ ഡോ. അനിത രമേശ് പറയുന്നു.

ഇന്ത്യയില്‍ പുകവലിക്ക് പുറമെ മറ്റൊരു കാരണം കൂടി ശ്വാസകോശ അര്‍ബുദത്തിന് പിന്നില്‍ പ്രധാനമായി കണ്ടുവരുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. മറ്റൊന്നുമല്ല വായുമലിനീകരണമാണ് ഈ വില്ലന്‍. ചെറുപ്പക്കാരിലും പുകവലിയില്ലാത്തവരിലും ശ്വാസകോശ അര്‍ബദും വര്‍ധിക്കുന്നത് വായുമലിനീകരണം മൂലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

'വളരെയധികം ഗൗരവത്തിലെടുക്കേണ്ടൊരു വിഷയമാണിത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ വേണ്ടത്ര ശ്രദ്ധ ഇതില്‍ വരുന്നില്ല. നഗരപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ വായുമലിനീകരണമുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. വായുമലിനീകരണവും ക്യാന്‍സറും തമ്മിലുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. 2013ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍, ഇക്കാര്യം അടിവരയിട്ട് ഉറപ്പിച്ചതാണ്...'- നാഗ്പൂരിലെ 'നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആനന്ദ് പതക് പറയുന്നു. 

പുകവലിക്കും വായുമലിനീകരണത്തിനും പുറമെ പാരമ്പര്യവും ജീവിതശൈലിയുമുള്‍പ്പെടെ പല കാരണങ്ങളും ശ്വാസകോശ അര്‍ബുദമടക്കമുള്ള ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കില്‍ക്കൂടിയും നിലനിലെ സാഹചര്യത്തില്‍ ശ്വാസകോശ അര്‍ബുദത്തിന്റെ കാര്യത്തില്‍ നാം ഏറ്റവുമധികം ഭയപ്പെടേണ്ടത് പുകവലിയും വായുമലിനീകരണവും തന്നെയാണെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

Also Read:- ശ്വാസകോശത്തിലെ ക്യാന്‍സര്‍; എന്തുകൊണ്ട് കണ്ടെത്താന്‍ വൈകുന്നു?...