ലോകത്ത് തന്നെ വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ശ്വാസകോശ അര്‍ബുദം അഥവാ 'ലംഗ് ക്യാന്‍സര്‍'. കണക്കുകള്‍ പ്രകാരം 2018ല്‍ മാത്രം പത്തര ലക്ഷത്തിലധികം പേരാണ് ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ടുകളിലുള്ളത്. ഇരുപത് ലക്ഷത്തിലധികം പേര്‍ക്ക് 'ലംഗ് ക്യാന്‍സര്‍' പിടിപെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ശ്വാസകോശ അര്‍ബുദം ബാധിക്കപ്പെട്ട് മരിക്കുന്നവരില്‍ അധികം പേരുടെ കേസുകളിലും അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത് രോഗം കണ്ടെത്താന്‍ വൈകി എന്നതായിരിക്കും. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 

ആദ്യഘട്ടത്തിലാണ് ശ്വാസകോശ അര്‍ബുദം കണ്ടെത്തുന്നത് എങ്കില്‍ ഫലപ്രദമായ ചികിത്സയിലൂടെ രോഗത്തെ അതിജീവിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കീമോതെറാപ്പി, സര്‍ജറിറേഡിയോ തെറാപ്പി തുടങ്ങി പല തരത്തിലാണ് 'ലംഗ് ക്യാന്‍സര്‍'നുള്ള ചികിത്സകള്‍. 

എന്നാല്‍ പലപ്പോഴും രോഗികള്‍ ചികിത്സ തേടിയെത്തുന്ന സമയം വൈകുന്നതാണ് വലിയ പ്രതിസന്ധിയാകുന്നത്. ശ്വാസകോശ അര്‍ബുദം മൂലമുള്ള മരണനിരക്ക് വര്‍ധിക്കുന്നതിന്റെ ഏക കാരണവും രോഗം കണ്ടെത്താന്‍ വൈകുന്നു എന്നത് തന്നെയാണ്. 

ടിബി (ട്യൂബര്‍ക്കുലോസിസ് അഥവാ ക്ഷയം) പോലുള്ള മറ്റ് ശ്വാസകോശ രോഗങ്ങളുടേതിന് സമാനമായാണ് ശ്വാസകോശ അര്‍ബദുത്തിന്റേയും ലക്ഷണങ്ങള്‍ കാണപ്പെടാറ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, പനി, നെഞ്ചുവേദന, ചുമയ്ക്കുമ്പോള്‍ രക്തം കലര്‍ന്ന കഫം വരിക, ശ്വാസതടസം, വിശപ്പില്ലായ്മ, നെഞ്ചില്‍ അസ്വസ്ഥത, ശബ്ദം അടയുക, വണ്ണം കുറയുക തുടങ്ങിയവയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. 

ഏറെക്കുറെ ഇതേ ലക്ഷണങ്ങളാണ് ടിബി പോലുള്ള മറ്റ് പല ശ്വാസകോശ രോഗികളിലും കാണപ്പെടുന്നത്. പലപ്പോഴും ഇവ തമ്മില്‍ തെറ്റിദ്ധരിക്കപ്പെടുന്നതിനാലാണ് ക്യാന്‍സര്‍ കണ്ടെത്തപ്പെടാതെ പോകുന്നത്. 

പുകവലിക്കുന്നവര്‍, മുമ്പ് വര്‍ഷങ്ങളോളം പുകവലിച്ചിരുന്നവര്‍, വായു മലിനീകരണം ഏറെ നേരിടുന്നവര്‍, ജോലി സംബന്ധമായ വായു മലിനീകരണം നേരിടുന്നവര്‍, കുടുംബത്തില്‍ അര്‍ബുദം നേരത്തേ സ്ഥിരീകരിക്കപ്പെട്ട ചരിത്രമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ. ഇടയ്ക്ക് ഡോക്ടറെ കണ്ട് സ്‌ക്രീനിംഗ് നടത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ തേടി, ഭയപ്പെടേണ്ട രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതും വളരെ നല്ലതാണ്.

Also Read:- പി‌സി‌ഒ‌എസ് ഉള്ള 10 ‌ശതമാനം രോഗികൾക്ക് ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം...