ഭക്ഷണം കഴിച്ചയുടൻ നടക്കുമ്പോൾ ശരീരം പെട്ടെന്ന് കൊഴുപ്പ് കത്തിച്ചു കളയുകയല്ല ചെയ്യുന്നത്. പകരം നമ്മൾ കഴിച്ച ആഹാരത്തെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന പ്രക്രിയയിലാണ് മാറ്റമുണ്ടാകുന്നത്.

ഭക്ഷണം കഴിച്ചയുടൻ നടന്നാൽ ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ ഭക്ഷണം കഴിച്ചയുടൻ നടക്കുമ്പോൾ ശരീരം പെട്ടെന്ന് കൊഴുപ്പ് കത്തിച്ചു കളയുകയല്ല ചെയ്യുന്നത്. പകരം നമ്മൾ കഴിച്ച ആഹാരത്തെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന പ്രക്രിയയിലാണ് മാറ്റമുണ്ടാകുന്നത്. ഇത് പരോക്ഷമായി ശരീരഭാരവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണ ശേഷമുള്ള നടത്തം നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നു

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിനും ഉയരുന്നു. ഉയർന്ന ഇൻസുലിൻ അളവ് ശരീരത്തിൽ ഊർജ്ജം കൊഴുപ്പായി ശേഖരിക്കാൻ കാരണമാകും. എന്നാൽ ഭക്ഷണ ശേഷം നടക്കുമ്പോൾ, പേശികൾ ഇൻസുലിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. ഇത് ഇൻസുലിൻ പെട്ടെന്ന് ഉയരുന്നത് തടയുകയും പിന്നീട് കൊഴുപ്പ് ദഹിപ്പിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

മെറ്റബോളിസവും കലോറി എരിച്ചിലും

ഭക്ഷണത്തിന് ശേഷമുള്ള നേരിയ നടത്തം ദഹനത്തിന് ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നു. നടക്കുന്നത് വഴി വലിയ തോതിൽ കലോറി എരിഞ്ഞുതീരില്ലെങ്കിലും, ഒരേയിരുപ്പിലിരിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഇത് വഴി കുറയ്ക്കാൻ സാധിക്കും.

മെച്ചപ്പെട്ട ദഹനവും ഉന്മേഷവും

ആഹാരത്തിന് ശേഷമുള്ള നടത്തം വയർ വീർക്കൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ, മന്ദത എന്നിവ ഒഴിവാക്കി ദഹനം വേഗത്തിലാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ഭക്ഷണം കഴിച്ച് 15 മുതൽ 30 മിനിറ്റിനുള്ളിൽ നടക്കേണ്ടതുണ്ട്. ഈ സമയത്താണ് രക്തത്തിൽ ഗ്ലൂക്കോസ് ഉയരുന്നത്.

2. 10 മുതൽ 15 മിനിറ്റ് വരെയുള്ള ലഘുവായ നടത്തം തന്നെ ധാരാളമാണ്.

3. പതുക്കെയോ മിതമായ വേഗതയിലോ മാത്രം നടക്കുക.

4. കഠിനമായ വ്യായാമങ്ങൾ ദഹനത്തെ ബാധിക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.