വയര്‍, മലാശയ സംബന്ധമായ ക്യാൻസറിന്‍റെ ചികിത്സയ്ക്കാണ് 'ഡൊസ്റ്റര്‍ലിമാബ്' നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ പരീക്ഷണഘട്ടങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ ക്യാൻസര്‍ ചികിത്സയില്‍ ഇതുണ്ടാക്കുന്ന ചലനങ്ങള്‍ വലിയ ആശ്വാസമാണേകുന്നത്

ക്യാൻസര്‍ രോഗം അല്‍പം ഗൗരവമുള്ള രോഗമായാണല്ലോ നാം കണക്കാക്കുന്നത്. സമയബന്ധിതമായി ക്യാൻസര്‍ നിര്‍ണയിക്കാനായാല്‍ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസറിനുണ്ട്. പക്ഷേ വൈകി രോഗം നിര്‍ണയിക്കപ്പെടുന്നതും, കൃത്യമായ ചികിത്സ ലഭിക്കാത്തതുമെല്ലാം ക്യാൻസറില്‍ നിന്ന് മുക്തി നേടുന്നതില്‍ നിന്ന് നിരവധി രോഗികളെ അകറ്റുന്നു. എന്ന് മാത്രമല്ല ക്യാൻസര്‍ മൂലം ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയും നിരവധി പേര്‍ക്കുണ്ടാകുന്നു. 

എങ്കില്‍ പോലും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പല വാര്‍ത്തകളും ക്യാൻസര്‍ ചികിത്സ സംബന്ധിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്നുണ്ട്. ഇത് നമുക്ക് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. 

ഇത്തരത്തിലൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കാനുള്ളത്. ആറ് മാസം കൊണ്ട് ക്യാൻസര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയിരിക്കുകയാണ് നാല്‍പത്തിരണ്ട് വയസായ ഒരു സ്ത്രീ. ക്യാൻസര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന 'ഡൊസ്റ്റര്‍ലിമാബ്' എന്ന മരുന്നാണ് യുകെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് തുണയായത്.

വയറ്റിനുള്ളിലായിരുന്നു കാരീക്ക് ക്യാൻസര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും വേദനകളും ഡോക്ടറെ കാണിക്കുന്നിനായി ആശുപത്രിയിലത്തിയതിന് പിന്നാലെ ഒരു വര്‍ഷം മുമ്പാണ് ഇവര്‍ക്ക് വയറിനുള്ളില്‍ ക്യാൻസറുള്ളതായി കണ്ടെത്തിയത്.

തുടര്‍ന്ന് ക്യാൻസര്‍ രോഗവിദഗ്ധനായ ഡോ. ക്രെയ്ഗ് ബാരിംഗ്ടണ്‍ ആണ് 'ഡൊസ്റ്റര്‍ലിമാബ്' കുത്തിവയ്പ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ആറ് മാസത്തോളം ഈ മരുന്ന് എടുത്തു. ശേഷം സ്കാൻ ചെയ്തുനോക്കിയപ്പോള്‍ ക്യാൻസര്‍ വളര്‍ച്ച ചുരുങ്ങിപ്പോയതായി കണ്ടു. പിന്നീട് വീണ്ടും സ്കാൻ ചെയ്തുനോക്കിയപ്പോള്‍ അങ്ങനെയൊരു രോഗമുണ്ടായിരുന്നതിന്‍റെ സൂചന പോലും വയറ്റിനുള്ളില്‍ ബാക്കിയുണ്ടായിരുന്നില്ലത്രേ. 

വയര്‍, മലാശയ സംബന്ധമായ ക്യാൻസറിന്‍റെ ചികിത്സയ്ക്കാണ് 'ഡൊസ്റ്റര്‍ലിമാബ്' നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ പരീക്ഷണഘട്ടങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ ക്യാൻസര്‍ ചികിത്സയില്‍ ഇതുണ്ടാക്കുന്ന ചലനങ്ങള്‍ വളരെ വലിയ ആശ്വാസമാണ് ലോകത്തിന് നല്‍കുന്നത്. 

കഴിഞ്ഞ വര്‍ഷം മലാശയ സംബന്ധമായ ക്യാൻസര്‍ ബാധിച്ച 18 പേരില്‍ ഈ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് 18 പേരിലും രോഗമുക്തിയുണ്ടായത് ആഘോഷിക്കപ്പെട്ട വാര്‍ത്തയാണ്. പരീക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ രോഗികള്‍ക്ക് മരുന്ന് നല്‍കിയിരുന്നത്. കാരീയുടെ വാര്‍ത്ത കൂടി പുറത്തുവരുന്നതോടെ 'ഡൊസ്റ്റര്‍ലിമാബി'നെ അത്ഭുത മരുന്നെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. 

കീമോതെറാപ്പി, റേഡിയോതെറാപ്പി പോലുള്ള ചികിത്സാരീതികളുണ്ടാക്കുന്ന സൈഡ് എഫക്ട്സോ പ്രയാസങ്ങളോ 'ഡൊസ്റ്റര്‍ലിമാബ്' ഉണ്ടാക്കുന്നില്ലെന്നും കാരീ ഡൗണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ രോഗമുക്തയായ ശേഷം തിരികെ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് പതിനേഴുകാരന്‍റെ അമ്മ കൂടിയായ കാരീ. 

Also Read:- ക്ഷീണവും കാഴ്ച മങ്ങലും നടക്കുമ്പോള്‍ ബാലൻസ് തെറ്റലും; കാരണം ഇതാകാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo