മലയാളത്തിനെ  ലോക സിനിമയുടെ നെറുകയില്‍ എത്തിച്ച  സംവിധായകനാണ് ഡോ ബിജു. പുതിയ സിനിമയുടെ ചർച്ചകൾക്ക് പാരീസിലെത്തിയ ഡോ ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാരീസിലെ തെരുവുകളിൽ നിറയെ ഹോമിയോപ്പതി ഫാർമസികൾ ആണെന്നും ഫ്രഞ്ച് ജനതയുടെ 60 ശതമാനം ആളുകൾ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവരാണ് എന്നും ഡോ. ബിജു തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം...

പുതിയ സിനിമയുടെ ചർച്ചകൾക്ക് ആണ് പാരീസിൽ വന്നതെങ്കിലും ജോലി ചെയ്യുന്ന പ്രൊഫഷൻ മറക്കാൻ പറ്റില്ലല്ലോ . പാരീസിലെ തെരുവുകളിൽ നിറയെ ഹോമിയോപ്പതി ഫാർമസികൾ ഉണ്ട്. താമസിക്കുന്ന സ്ട്രീറ്റിനടുത്ത് ഏത് ഹോമിയോ ഫാർമസി ഉണ്ടെന്നറിയാൻ ഒന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു ഏതാണ്ട് 20 ലധികം ഹോമിയോ ഫാർമസികൾ ഒരു ചെറിയ തെരുവിൽ. എല്ലാ സ്ട്രീറ്റുകളിലും ഇത് തന്നെയാണ് സ്ഥിതി. അനേകം ഹോമിയോപ്പതി ഫാർമസികൾ . ഫ്രഞ്ച് ജനതയുടെ 60 ശതമാനം ആളുകൾ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവരാണ്. 2018 ൽ ഇപ്‌സോസ് എന്ന രാജ്യാന്തര മാർക്കറ്റ് റിസർച് കമ്പനി നടത്തിയ സർവേ അനുസരിച്ചു ഫ്രഞ്ച് ജനതയിൽ 77 % ഒരിക്കലെങ്കിലും ഹോമിയോപ്പതി മരുന്ന് കഴിച്ചിട്ടുള്ളവർ ആണ്.

 58 % ആളുകൾ നിരവധി തവണ ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ചിട്ടുള്ളവർ ആണ്. 40 % ത്തിൽ അധികം ആളുകൾ 10 വർഷത്തിലധികമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ആണ്..ഫ്രാൻസിൽ ഹോമിയോപ്പതി ബിരുദ പഠനത്തിനായി നിരവധി യൂണിവേഴ്‌സിറ്റികളും ഒപ്പം സ്വകാര്യ കോളജുകളും ഉണ്ട്. 2019 ൽ ഹോമിയോപ്പതി മരുന്നുകൾക്കുള്ള റീ ഇമ്പേഴ്‌സ്മെന്റ് നിർത്തലാക്കാൻ ആലോചിക്കുന്നതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി പ്രസ്താവന നടത്തി. 2021 ഓടെ ഇത് നടപ്പിലാക്കും എന്നാണ് പറഞ്ഞതെങ്കിലും ഇതിനെതിരെ ഹോമിയോപ്പതി ചികിൽസ തേടുന്ന രോഗികളുടെ കടുത്ത എതിർപ്പ് ഇപ്പോഴും തുടരുക ആണ്. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹോമിയോപത്സ് എന്ന ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റും ഹോമിയോപ്പതി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആയ ഡോ. ആൽബർട്ട് ക്ലോഡ് ള്യൂമോൺ പറയുന്നത് നിലവിൽ 10 ശതമാനം മാത്രമാണ് സർക്കാർ റീ ഇമ്പേഴ്‌സ്മെന്റ് ഹോമിയോപ്പതി മരുന്നുകൾക്ക് നൽകുന്നത്, അത് നിർത്തിയാലും പ്രത്യേകിച്ചൊന്നും സഭവിക്കാനില്ല. പക്ഷെ ഹോമിയോപ്പതി മരുന്നുകളുടെ വില കൂടാൻ സാധ്യത ഉണ്ട് എന്നതാണ് ഒരു പ്രശ്നം. ഏതായാലും ഫ്രാൻസിൽ ഹോമിയോപ്പതി ഒരു പ്രധാന ചികിത്സാ ശാസ്ത്രം തന്നെയാണ്. 20000 ൽ അധികം ഡോക്ടർമാർ , നിരവധി ഹോമിയോ ഫാർമസികൾ.