മലദ്വാരത്തിന് ചുറ്റും സഹിക്കാനാവാത്ത ചൊറിച്ചിലും മറ്റ് അസ്വസ്ഥകളും ഇന്ന് മിക്കവരിലും കണ്ട് വരുന്നു. 99 ശതമാനം പേരും വിചാരിക്കുക വിരശല്യം കൊണ്ടാണ് ഇത് വരുന്നതെന്നാണ്. മിക്കവരും ഡോക്ടറെ പോലും കാണാതെ ഉടനെ തന്നെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി വിരശല്യത്തിനുള്ള ഗുളിക വാങ്ങി കഴിക്കാറാണ് പതിവ്. 

വിരശല്യത്തിനുള്ള മരുന്ന് കഴിച്ചിട്ടും അസ്വസ്ഥത മാറുന്നില്ലെങ്കില്‍ മിണ്ടാതിരിക്കും.പലരും പുറത്ത് പറയാറില്ല. നാണക്കേട് കൊണ്ടാണ് പലരും പുറത്ത് പറയാത്തതും. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അനുഭവിക്കുന്ന ഈ പ്രശ്‌നം പലരും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തന്നെ സഹിച്ചിരിക്കുകയാണ് ചെയ്യാറുള്ളത്. 

ചിലര്‍ ജോലിക്ക് പോകുമ്പോഴോ അതും അല്ലെങ്കില്‍ എവിടെയെങ്കിലും ക്ലാസ് എടുക്കുമ്പോഴോ അല്ലെങ്കില്‍ എന്തെങ്കിലും റിപ്പോര്‍ട്ട് പ്രസന്റ് ചെയ്യുമ്പോഴോ എല്ലാം തന്നെ ഇത് വളരെയധികം അസ്വസ്ഥയായി തോന്നാറുണ്ട്. മലദ്വാരത്തിന് ചുറ്റും വരുന്ന ചൊറിച്ചിലിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് മാത്രമാണ് വിരശല്യം എന്ന് പറയുന്നത്.വിരശല്യം മാത്രമല്ല മറ്റ് കാരണങ്ങൾ കൊണ്ടും മലദ്വാരത്തിന് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടാം.മറ്റ് കാരണങ്ങൾ എന്തൊക്കെയാണെന്ന് ഡോ. രാജേഷ് കുമാര്‍ പറയുന്നു. 

ഏറ്റവും പ്രധാനം മലദ്വാര ഭാഗത്ത് ഉണ്ടാകുന്ന നനവ്. അത് ഒരുപക്ഷേ, മലം മുഴുവനുമായി പോകാത്തത് കൊണ്ടാകാം. അതും അല്ലെങ്കില്‍ പുറമെ നിന്നുള്ള എന്തെങ്കിലും കാരണങ്ങളും ആയിരിക്കാം. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നതും മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലുണ്ടാക്കാം.

ഏറ്റവും പ്രധാനപ്പെട്ടത് പൂര്‍ണമായി മലശോധനം ചെയ്ത കഴിഞ്ഞാല്‍ പോലും ഈ ഭാഗത്ത് മലത്തിന്റെ ചെറിയൊരു അംശമെങ്കിലും പറ്റിപിടിച്ചിരിക്കാം. ഇത് കൂടുതല്‍ അസ്വസ്ഥകളുണ്ടാക്കാം. അത് ഒരുപക്ഷേ വെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാലോ പേപ്പര്‍ ഉപയോഗിച്ചാലോ മലത്തിന്റെ അംശം ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചൊറിച്ചിലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. രാജേഷ് പറയുന്നു.

രണ്ടാമത്തെ കാരണം അമിതമായിട്ടുള്ള വൃത്തിയാണ്. പലരും മലദ്വാരത്തിന്റെ ഭാഗം നന്നായിട്ട് വൃത്തിയാക്കണമെന്ന് കരുതിയിട്ട് സോപ്പുകള്‍ ഉപയോഗിച്ച് നല്ല പോലെ കഴുകാറുണ്ട്. ചിലര്‍ മലദ്വാരത്തിന് ഭാഗത്ത് വില കൂടിയ പെര്‍ഫ്യൂം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം കൂടുതല്‍ ചൊറിച്ചിലുണ്ടാക്കാം. ചൊറിയുമ്പോള്‍ മലദ്വാരത്തിന് ചുറ്റും മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ആ മുറിവുള്ള ഭാഗത്ത് വീണ്ടും ചൊറിയുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയാണ്. മലദ്വാരത്തിന്റെ ഭാ​ഗത്ത് ഇറുകിയ നിലയിലുള്ള മസില്‍ ഫൈബറുണ്ട്. ഈ മസില്‍ ഫൈബര്‍ ഇറുകിയിരിക്കുന്നത് കൊണ്ടാണ് മലദ്വാരത്തിന് അകത്തുള്ള( മലാശയത്തിലുള്ള പല കണികകളും പുറത്തേക്ക് പോകാത്തത്). 

എന്നാല്‍ ഈ മസില്‍ ലൂസായാല്‍ ജോലി ചെയ്യുന്ന സമയത്തോ അല്ലെങ്കില്‍ ഇരിക്കുന്ന സമയത്തോ എല്ലാം മലാശയത്തിനുള്ളില്‍ നിന്നും മലത്തിന്റെ കണികകൾ  പുറത്തേക്ക് വരാം. ഈ സാഹചര്യം ഉണ്ടാക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഏറ്റവും പ്രധാനമായി കോഫിയാണ്. 

അമിതമായി കാപ്പി കുടിക്കുമ്പോള്‍ കോഫിയിലെ കഫൈന്‍ കൂടുതലായി ഉള്ളിലേക്ക് എത്തി കഴിഞ്ഞാല്‍ ഇത് മലദ്വാരത്തിന് ചുറ്റുമുള്ള മസിലുകളെ ലൂസാക്കുകയും സാധാരണ ജോലി ചെയ്യുന്ന സമയത്തോ ഇരിക്കുമ്പോഴോ മലത്തിന്റെ കണികകള്‍ പുറത്തേക്ക് പോകുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് ഡോ. രാജേഷ് പറഞ്ഞു. കാപ്പി മാത്രമല്ല, ഈയൊരു പ്രശ്‌നം ഉണ്ടാക്കുന്നത്. 

അമിതമായി ചായ കുടിക്കുക, ബിയര്‍, എനര്‍ജി ഡ്രിങ്ക് പോലുള്ളവ ചിലര്‍ക്ക് അലര്‍ജിയുള്ള ഭക്ഷണങ്ങള്‍ അതായത്, പാല്‍ ഉത്പ്പന്നങ്ങള്‍, സിട്രിസ് ഫ്രൂട്ട്‌സ്, എരിവുള്ള ഭക്ഷണങ്ങള്‍ ഇവയെല്ലാം ഇതിന് കാരണമാകാം. പതിവായി മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലുണ്ടെങ്കില്‍ ഈ പറഞ്ഞ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. എങ്കില്‍ ഒരു പരിധി വരെ മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന ഈ പ്രശ്‌നം കുറയ്ക്കാനാകും. അടിവസ്ത്രത്തിന്റെ ഉപയോഗമാണ് മറ്റൊരു കാരണം, കോട്ടണ്‍ ആയിട്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. 

സ്ത്രീകളെ സംബന്ധിച്ച നല്ല ഇറുകിയ അടിവസ്ത്രങ്ങളോ അല്ലെങ്കില്‍ ഇറുകിയ പാന്റസ് പോലുള്ളവ ഉപയോഗിക്കുന്നതും മലദ്വാരത്തില്‍ ചൊറിച്ചിലുണ്ടാകുന്നത് കാരണമാകാറുണ്ട്. പൈല്‍സ്, ഫിസ്റ്റുല എന്നീ രണ്ട് രോ​ഗങ്ങളുണ്ടെങ്കിൽ മലദ്വാരത്തിന് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടാം. അമിതമായി ടെന്‍ഷനടിച്ചാലും മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലുണ്ടാകാമെന്നും ഡോ.രാജേഷ് പറയുന്നു.