Asianet News MalayalamAsianet News Malayalam

കൊവിഡ് മുക്തി നേടി ദിവസങ്ങൾക്കകം കരളില്‍ പഴുപ്പ്; 14 പേരില്‍ ഒരു മരണം

പത്ത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഇതിലുള്‍പ്പെട്ടിരുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ കരളിലെ പഴുപ്പ് അധികരിച്ചതിനെ തുടര്‍ന്ന് മരിച്ചു. ബാക്കി എല്ലാവരെയും ചികിത്സയിലൂടെ രക്ഷപ്പെടുത്താനായതായി ആശുപത്രി അറിയിച്ചു. ഇവരുടെയെല്ലാം കരളിലെ പഴുപ്പ് കുത്തിയെടുക്കേണ്ടതായും ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ തുടരേണ്ടതായും വന്നുവെന്നും അധികൃതര്‍ അറിയിക്കുന്നു

pus in liver found in covid recovered patients
Author
Delhi, First Published Jul 23, 2021, 9:00 AM IST

കൊവിഡ് 19 പിടിപെട്ട് അതില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് തുടര്‍ന്നും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായി നാം കണ്ടു. ചെറിയ അസ്വസ്ഥതകള്‍ തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങള്‍ വരെ കൊവിഡിന് ശേഷം (പോസ്റ്റ് കൊവിഡ് കോംപ്ലിക്കേഷന്‍സ്) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഇതില്‍ കൊവിഡ് ലക്ഷണങ്ങളോട് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ കേസ് 'ലോംഗ് കൊവിഡ്' എന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് ചിലരിലാകട്ടെ, അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്തു. സാധാരണഗതിയില്‍ പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളില്‍ നിന്ന് സമയമെടുത്താണെങ്കില്‍ പോലും മിക്കവരും രക്ഷ നേടുന്നുണ്ട്. ചുരുക്കം പേരാണ് ഇതിന് കീഴടങ്ങുന്നത്. 

ഇത്തരത്തില്‍ കൊവിഡാനന്തരം വ്യാപകമായി വ്യക്തികളെ പിടികൂടിയ അസുഖമായിരുന്നു ബ്ലാക്ക് ഫംഗസ്. രാജ്യത്ത് ആയിരക്കണക്കിന് പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധയുണ്ടായത്. ഇതില്‍ ഒരു വിഭാഗം പേര്‍ക്ക് രോഗത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. എന്തുകൊണ്ടാണ് കൊവിഡ് മുക്തിക്ക് ശേഷം ബ്ലാക്ക് ഫംഗസ് ബാധയുണ്ടാകുന്നതെന്ന് വ്യക്തമായി കണ്ടെത്താന്‍ ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല. 

കൊവിഡ് വിഷമതകളെ ലഘൂകരിക്കാന്‍ രോഗികള്‍ക്ക് നല്‍കിവന്നിരുന്ന സ്റ്റിറോയ്ഡുകളാണ് ബ്ലാക്ക് ഫംഗസ് ബാധയിലേക്ക് നയിച്ചതെന്ന തരത്തില്‍ വിലയിരുത്തല്‍ വന്നിരുന്നു. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

 

pus in liver found in covid recovered patients


കൊവിഡ് ബുദ്ധിമുട്ടുകളെ ലഘൂകരിക്കാന്‍ സ്റ്റിറോയ്ഡുകള്‍ നല്‍കിയ രോഗികളുടെ കരളില്‍ പഴുപ്പ് കണ്ടെത്തിയതായാണ് ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രി വ്യക്തമാക്കുന്നത്. പതിനാല് രോഗികളുടെ കേസ് വിശദാംശങ്ങളാണ് ആശുപത്രി പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍- മെയ് മാസങ്ങളിലാണ് പ്രത്യേകമായ ലക്ഷണങ്ങളോടെ കൊവിഡ് ഭേദമായി പോയവര്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതത്രേ. രോഗം ഭേദമായി 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ ലക്ഷണങ്ങള്‍ കണ്ടത്. 

പത്ത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഇതിലുള്‍പ്പെട്ടിരുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ കരളിലെ പഴുപ്പ് അധികരിച്ചതിനെ തുടര്‍ന്ന് മരിച്ചു. ബാക്കി എല്ലാവരെയും ചികിത്സയിലൂടെ രക്ഷപ്പെടുത്താനായതായി ആശുപത്രി അറിയിച്ചു. ഇവരുടെയെല്ലാം കരളിലെ പഴുപ്പ് കുത്തിയെടുക്കേണ്ടതായും ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ തുടരേണ്ടതായും വന്നുവെന്നും അധികൃതര്‍ അറിയിക്കുന്നു. 

മലിനമായ സാഹചര്യത്തില്‍ തയ്യാറാക്കപ്പെടുന്ന ഭക്ഷണപാനീയങ്ങളില്‍ നിന്ന് ശരീരത്തിലെത്തുന്ന 'എന്റമീബ ഹിസ്റ്റോളിറ്റിക' എന്ന പാരസൈറ്റ് മൂലമാണേ്രത സാധാരണഗതിയില്‍ ഈ രീതിയില്‍ കരളില്‍ പഴുപ്പ് രൂപപ്പെടാറ്. എന്നാല്‍ കൊവിഡ് രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ നല്‍കിയതോടെയാണ് കരളില്‍ പഴുപ്പ് രൂപപ്പെടുന്ന സാഹചര്യമുണ്ടായതെന്നാണ് നിലവിലെ വിലയിരുത്തല്‍. 

 

pus in liver found in covid recovered patients

 

'കരളിന്റെ രണ്ട് അറകളിലുമായി പലയിടത്തും വലിയ തോതില്‍ പഴുപ്പ് രൂപപ്പെട്ട നിലയിലാണ് ഇതിലെ മിക്ക രോഗികളും ചികിത്സ തേടിയെത്തിയത്. പൊതുവേ പ്രതിരോധശേഷിയുള്ള വ്യക്തികളില്‍ ഈ പ്രശ്‌നം പിടിപെടേണ്ടതല്ല. ഇവരെല്ലാം തന്നെ അത്തരത്തില്‍ പ്രതിരോധശേഷി ഉള്ളവരുമായിരുന്നു. 28 മുതല്‍ 74 വയസ് വരെ പ്രായമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. എല്ലാവരിലും പനിയും വയറുവേദനയും പൊതു ലക്ഷണമായി കണ്ടിരുന്നു. മൂന്ന് രോഗികളില്‍ ബ്ലീഡിംഗും മലം കറുപ്പ് നിറമായി മാറുകയും ചെയ്തിരുന്നു...' സര്‍ ഗംഗ രാം ആശുപത്രിയില്‍ നിന്നുള്ള പ്രൊഫസര്‍ അനില്‍ അറോറ പറയുന്നു. 

കൊവിഡ് പിടിപെട്ടത് മൂലം പ്രതിരോധശേഷി ദുര്‍ബലമായതും ഇതിനൊപ്പം സ്റ്റിറോയ്ഡുകള്‍ കൂടി നല്‍കിയതുമാണ് കരളില്‍ അസാധാരണമായിപഴുപ്പ് വരാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമികമായി വിലയിരുത്തല്‍. ആന്റിബയോട്ടിക്‌സ് അടക്കമുള്ള ചികിത്സ പതിമൂന്ന് പേരിലും ഫലം നല്‍കിയെന്നും ഇവര്‍ വിശദീകരിക്കുന്നു. ഏതായാലും ബ്ലാക്ക് ഫംഗസ് പോലെ അടുത്തൊരു ഭീഷണിയായി ഇത് ഉയരുമോയെന്നത് കണ്ടറിയുക തന്നെ വേണം. രണ്ട് മാസത്തിനകം ഒരു ആശുപത്രിയില്‍ മാത്രമാണ് ഇത്രയും രോഗികള്‍ സമാനമായ പ്രശ്‌നവുമായി ചികിത്സയ്ക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പ്രതീക്ഷിക്കാം.

Also Read:- മാനസികപ്രശ്‌നങ്ങളുള്ളവരെ കൊവിഡ് ബാധിക്കുന്നത് ഇങ്ങനെ; പഠനം പറയുന്നു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios