Asianet News MalayalamAsianet News Malayalam

മാലാഖയെ തിരിച്ചു വിളിച്ച് ദൈവം, കയ്യിൽ കാനുലയുമായി കൊവിഡ് 19 രോഗികളെ പരിചരിച്ച ഡോ. ഷിറീൻ റുഹാനി ഇനിയില്ല

ഇത് ഡോ. ഷിറീൻ റൂഹാനിയുടെ അവസാനത്തെ ഫോട്ടോഗ്രാഫ് ആണ്. തന്റെ അവശത വകവെക്കാതെ ഡോക്ടർമാരെ പരിശോധിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. 

Dr. Shirin Rouhani who treated COVID 19 patients with IV on hand dies of the same disease
Author
Iran, First Published Mar 20, 2020, 2:37 PM IST

ഇത് ഡോ. ഷിറീൻ റൂഹാനിയുടെ അവസാനത്തെ ഫോട്ടോഗ്രാഫ് ആണ്. അവർ ഈ ചിത്രത്തിൽ ഒരു രോഗിയെ പരിശോധിക്കുകയാണ്. അവരുടെ കയ്യിൽ ഘടിപ്പിച്ച കാനുല, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐവി സലൈൻ ഡ്രിപ്പ്. അതൊക്കെ സൂചിപ്പിക്കുന്നത് അവർ തീരെ അവശയാണ് എന്നാണ്. തന്റെ അവശത വകവെക്കാതെ ഡോക്ടർമാരെ പരിശോധിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. 

ചൈനയ്ക്കു ശേഷം ഇറ്റലിക്കൊപ്പം കൊവിഡ് 19 ഏറ്റവും അധികം ബാധിച്ചത് ഇറാനെയാണ്. വേണ്ടത്ര ഡോക്ടർമാരോ, മരുന്നുകളോ, ആശുപത്രിയിൽ കിടക്കകളോ ഒന്നുമില്ലാതെ ആകെ പ്രയാസപ്പെട്ടു ആ രാജ്യം. കൊറോണാ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരവും. അവിടത്തെ ഒരാശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയിരുന്നു ഡോ.ഷിറീൻ റൂഹാനി. 

അവിടെയും വേണ്ടത്ര ഡോക്ടർമാരില്ലായിരുന്നു. രണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, നിർജലീകരണം സംഭവിച്ച അവസ്ഥയിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയോടെ തന്നെ അവർ അടുത്ത പകലും ആശുപത്രിയിൽ എത്തി. 

Dr. Shirin Rouhani who treated COVID 19 patients with IV on hand dies of the same disease

മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പോ മറ്റോ ആണെന്ന് തോന്നുന്നു അവരുടെ സഹപ്രവർത്തകർ ആരോ എടുത്ത ഒരു വീഡിയോയിൽ പ്രത്യക്ഷത്തിൽ തന്നെ ക്ഷീണിതയായിരുന്നിട്ടും രോഗികളെ പരിശോധിക്കുന്ന ഡോ. ഷിറീനെ കാണാം. അതിൽ അവർ പറയുന്നുണ്ട്, " ഇവിടെ എല്ലാവരും വല്ലാത്ത തിരക്കിലാണ്. ഇവിടുള്ളവരെ റിലീവ് ചെയ്യാൻ ഒടുവിൽ ഞാൻ തന്നെ വരേണ്ടി വന്നത് കണ്ടോ?" 

അങ്ങനെ ക്ഷീണിച്ച അവസ്ഥയിലും എത്രയോ ദിവസം അവർ തന്റെ സേവനങ്ങൾ ഇറാനിലെ കൊവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്ന് തന്നെ ആകെ ക്ഷീണിതയായ അവരെ താമസിയാതെ തന്നെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിച്ചെടുക്കാൻ സഹപ്രവർത്തകർക്ക് സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീൻ മരണത്തിന് കീഴടങ്ങിയത്. 

ഡോ. ഷിറീൻ റൂഹാനിയുടെ മരണം ഇറാനിലെ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരെയും, നഴ്‌സുമാരെയും, ഫാർമസിസ്റ്റുകളെയും മറ്റു ആരോഗ്യപ്രവർത്തകരെയും എല്ലാം തന്നെ ആകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ സഹപ്രവർത്തകയുടെ ആത്മത്യാഗത്തിൽ തങ്ങൾ അഭിമാനം കൊള്ളുന്നതായി അവർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios