മനുഷ്യരിൽ ആവശ്യത്തിനും അനാവശ്യത്തിനും സ്വന്തം ഇഷ്ടപ്രകാരം ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ. മുഴുവൻ തോതിൽ മുഴുവൻ അളവിൽ നല്ല ക്വാളിറ്റിയുള്ള ആന്റിബയോട്ടിക് നൽകിയില്ലെങ്കിൽ ആന്റി ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകും. 

ആന്റിബയോട്ടിക്കുകൾ നമുക്ക് പരിചിതമായ ഒന്നാണ്. ബാക്ടിരിയയുടെ വളർച്ചയെ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ ആന്റി ബയോട്ടിക്കുകൾക്ക് കഴിയും. എന്നിരുന്നാലും സാങ്കേതികവിദ്യയുടെ ആവിർഭാവവും എളുപ്പത്തിൽ ലഭിക്കുന്നതും കാരണം ഡോക്ടർമാരുടെ കുറിപ്പടി പോലുമില്ലാതെ പലരും ഇപ്പോൾ ആൻറിബയോട്ടിക്ക് മരുന്നുകൾ വാങ്ങി കഴിക്കുന്നുണ്ട്.

ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അല്ലെങ്കിൽ അനാവശ്യമായ ഉപഭോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഐഎംഎ കേന്ദ്ര കമ്മറ്റി അം​​ഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സുൽഫി നൂഹു പറയുന്നു. 

മനുഷ്യരിൽ ആവശ്യത്തിനും അനാവശ്യത്തിനും സ്വന്തം ഇഷ്ടപ്രകാരം ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ. മുഴുവൻ തോതിൽ മുഴുവൻ അളവിൽ നല്ല ക്വാളിറ്റിയുള്ള ആന്റിബയോട്ടിക് നൽകിയില്ലെങ്കിൽ ആന്റി ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകും. അപ്പോഴാണ് ഈ മൃഗീയത. ഇത് മാനവരാശിയെ കൊന്നൊടുക്കുമെന്ന് സുൽഫി നൂഹു ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

പോസ്റ്റിന്റെ പൂർണരൂപം...

ഇത് , മൃഗീയം
--------
മൃഗീയമാണ്, പൈശാചികമാണ്, അതിദയനീയമാണ് അപഹാസ്യമാണ് ഈ ആന്റിബയോട്ടിക് റെസിസ്റ്റൻസ് വരുന്ന വഴികൾ.
ഒറ്റവാക്കിൽ പറഞ്ഞാൽ തികച്ചും 
മൃഗീയം
മനുഷ്യന്മാരോടൊപ്പം മൃഗങ്ങളും വലിയതോതിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാക്കുന്നു. ഒരുപക്ഷേ മനുഷ്യൻ ഉണ്ടാക്കുന്നതിനേക്കാൾ വളരെ കൂടുതൽ. അല്ലെങ്കിൽ അതിനോടൊപ്പം.
തികച്ചും മൃഗീയം.
നമുക്ക് ചുറ്റുമുള്ള വളർത്ത് മൃഗങ്ങൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ നൽകുന്ന ആന്റിബയോട്ടികളുടെ കണക്കുകൾ മൂക്കത്ത് വിരൽ വെൽപ്പിക്കുന്നതാണ്. ശരിക്കും.
കോഴിക്കും താറാവിനും ആടിനും പട്ടിക്കും പൂച്ചയ്ക്കും എന്തിന് പ്രാവുകൾക്ക് പോലും ആവശ്യത്തിനും അനാവശ്യത്തിനും ആന്റിബയോട്ടിക് വാരി എറിയുന്നു. ആർക്കും ആന്റിബയോട്ടിക്കുകൾ കടകളിൽ നിന്നും വാങ്ങാം. പട്ടി ഒന്ന് കൂടുതൽ കുരച്ചാൽ പൂച്ചയൊന്നു മയങ്ങി നിന്നാൽ കോഴി ഒന്ന് അനക്കം കുറച്ചാൽ തൊട്ടടുത്ത കടയിൽ നിന്നും ഏറ്റവും ശക്തി കൂടിയ ആന്റിബയോട്ടിക് വാങ്ങി കോഴിക്കും പട്ടിക്കും പൂച്ചയ്ക്കും ആടിനും പന്നിക്കും നൽകും
 ചില പഠനങ്ങളിൽ കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന മാംസാഹാരങ്ങളിൽ ആന്റിബയോട്ടിക് അംശം വളരെ കൂടി നിൽക്കുന്നു. വീടുകളിൽ മാത്രമല്ല കോഴി പന്നി താറാവ് വളർത്തൽ കേന്ദ്രങ്ങളിൽ ഒക്കെ ഇത് സംഭവിക്കുന്നു. താൽക്കാലിക ലാഭം അവിടെ നിൽക്കട്ടെ.
ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ഭവിഷത്തുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. മനുഷ്യരിൽ ആവശ്യത്തിനും അനാവശ്യത്തിനും സ്വന്തം ഇഷ്ടപ്രകാരം ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്ന ശീലമുള്ളവരാണ് നമ്മൾ. മുഴുവൻ തോതിൽ മുഴുവൻ അളവിൽ നല്ല ക്വാളിറ്റിയുള്ള ആന്റിബയോട്ടിക് നൽകിയില്ലെങ്കിൽ ആന്റി ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകും. അപ്പോഴാണ് ഈ മൃഗീയത. ഇത് മാനവരാശിയെ കൊന്നൊടുക്കും. കണക്കുകൾ നോക്കൂ.

2050 ആകുമ്പോൾ ഓരോ കൊല്ലവും ഒരു കോടി ആൾക്കാർ ആൻറി ബയോട്ടിക് റെസിസ്റ്റൻസ് മൂലം മരിക്കുമെന്ന് കണക്ക്. ഒന്നുകൂടെ വായിച്ചോളൂ. ഒരു കൊല്ലം ഒരു കോടി ആൾക്കാർ. അത് ഞാനോ നിങ്ങളൊ എൻറെ ഏറ്റവും പ്രിയപ്പെട്ടവരൊ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരോ ആകാം. ഏതാണ്ട് 20 കൊല്ലം കഴിയുമ്പഴല്ലെയുള്ളൂ എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ. ഇത് 2050ലെ കണക്ക്. 2050 ൽ സ്വിച്ചിട്ടപോലെ സംഭവിക്കുന്നതല്ല.

ഇപ്പോഴും എല്ലാ കൊല്ലവും എപ്പോഴും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. കണക്ക് ഒരുകോടി എത്താൻ 2050 എത്തുമെന്ന് മാത്രം. അത് മാത്രമല്ല കൊന്നില്ലെങ്കിൽ കൂടി 2050 ആകുമ്പോൾ രണ്ടര കോടി ആൾക്കാരെ, ഒന്നുകൂടെ കേട്ടോളൂ. രണ്ടര കോടി ആൾക്കാരെ ഓരോ കൊല്ലവും, നിത്യ ദാരിദ്ര്യത്തിലേക്ക് ആൻറിബയോട്ടിക് റെസിസ്റ്റൻസ് തള്ളിവിടും.

അതുകൊണ്ടുതന്നെ ആന്റിബയോട്ടികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം നല്ല ഉന്നത നിലവാരമുള്ളവ കൃത്യമായ അളവിൽ, കൃത്യമായ ദിവസങ്ങളിൽ കഴിക്കുക. സ്വന്തം തീരുമാനപ്രകാരം പഴയ മെഡിക്കൽ നിർദ്ദേശങ്ങൾക്കനുസരിച്ച് വാങ്ങുന്ന ശീലം ഉടൻ നിർത്തണം.ഇപ്പോൾ ഇവിടെ! അതിനുമപ്പുറം,പന്നി കോഴി താറാവ് വളർത്തു കേന്ദ്രങ്ങളിൽ കൂടാതെ വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും കോഴിക്കും താറാവിനും, പന്നിക്കുമൊക്കെ സ്വന്തം ഇഷ്ടപ്രകാരം ആന്റി ബയോട്ടിക് വാങ്ങി നൽകുന്ന ശീലം നിങ്ങളെ കൊല്ലും. എന്നെയും. അത് മാത്രം പോരാ ,ഡോക്ടറുടെ കുറിപ്പില്ലാതെ ഒരു നുള്ള് അമോക്സിലിൻ പോലും ലഭ്യമാകാനോ, കഴിക്കാനോ അനുവദിക്കരുത്. ഈ മൃഗീയത മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കൂടിയാണ്. വരും തലമുറയോടും.

ഡോ സുൽഫി നൂഹു

..