പകല്‍ പലപ്പോഴായി കാപ്പി കഴിക്കുന്നത് ആരോഗ്യത്തിനെ മോശമായി ബാധിക്കാമെന്ന തരത്തിലുള്ള വാദങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ കേട്ടിരിക്കും. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാമോ? 

മിക്കവരും രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നത് തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴായി നാം കാപ്പിയും ചായയുമെല്ലാം കഴിക്കാറുണ്ട്. പ്രത്യേകിച്ച് ഉറക്കച്ചടവ് മാറ്റാനോ അലസതയില്‍ നിന്ന് രക്ഷപ്പെട്ട് നന്നായി ജോലി ചെയ്യാനോ, ഉന്മേഷം തോന്നിപ്പിക്കാനോ എല്ലാമാണ് അധികപേരും പകല്‍സമയങ്ങളില്‍ കാപ്പിയെ ആശ്രയിക്കാറ്.

എന്നാല്‍ ഇങ്ങനെ പകല്‍ പലപ്പോഴായി കാപ്പി കഴിക്കുന്നത് ആരോഗ്യത്തിനെ മോശമായി ബാധിക്കാമെന്ന തരത്തിലുള്ള വാദങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ കേട്ടിരിക്കും. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാമോ? 

രാത്രിയുറക്കത്തെ ബാധിക്കുമോ?...

ഇടവിട്ട് കാപ്പി കഴിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് രാത്രിയില്‍ നല്ലരീതിയില്‍ ഉറങ്ങാൻ സാധിക്കില്ലെന്ന വാദം എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാലീ വാദത്തില്‍ സത്യത്തില്‍ വലിയ കഴമ്പില്ല. പകല്‍സമയങ്ങളില്‍ കാപ്പി കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തെ ഒരിക്കലും ബാധിക്കില്ല. എന്നാല്‍ ഉറങ്ങാൻ കിടക്കുന്നതിന് ഏതാനും മണിക്കുറുകള്‍ക്ക് മുമ്പാണെങ്കില്‍ കാപ്പി ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത് ചിലരില്‍ ഉറക്കം ബാധിക്കപ്പെടാൻ കാരണമാകാറുണ്ട്. അല്ലാത്തപക്ഷം പകല്‍നേരങ്ങളിലെ കാപ്പികുടി രാത്രിയിലെ ഉറക്കത്തെ ബാധിക്കുന്നതല്ല.

കാപ്പി കുടിച്ചാല്‍ 'ഡീഹൈഡ്രേഷൻ'...?

ഇടയ്ക്കിടെ കാപ്പി കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കുന്നതിന് കാരണമാകുമെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വാദത്തിലും വലിയ കഴമ്പില്ല. കാപ്പിയില്‍ ചേര്‍ക്കുന്ന പാലും വെള്ളവും എല്ലാം ദ്രാവകങ്ങള്‍ തന്നെയാണല്ലോ. പിന്നെ കാപ്പിയിലടങ്ങിയിരിക്കുന്ന കഫേൻ നമ്മളെ ബാധിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാതെ പകരം കാപ്പിയോ ചായയോ കഴിക്കുന്നവരിലാണ് ഇത് നിര്‍ജലീകരണത്തിനുള്ള സാധ്യതയൊരുക്കുന്നത്. മറിച്ച് വെള്ളം ആവശ്യത്തിന് ഉറപ്പ് വരുത്തിയിട്ടുള്ളവരാണെങ്കില്‍ കാപ്പി കഴിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല. 

വണ്ണം കൂട്ടുമോ?

കാപ്പി കഴിക്കുന്ന ശീലം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ലെന്നും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇതിലും വലിയ കാര്യമില്ല. കാപ്പിയല്ല യഥാര്‍ത്ഥത്തില്‍ പ്രശ്നമായി വരുന്നത് ഇതില്‍ ചേര്‍ക്കുന്ന പാല്‍, പഞ്ചസാര എന്നിവയാണ്. പാലും പഞ്ചസാരയും നല്ലതുപോലെ ചേര്‍ത്ത് ഇടവിട്ട് കാപ്പി കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് പലവിധത്തില്‍ ദോഷമാണ്. എന്നാല്‍ ബ്ലാക്ക് കോഫി കഴിക്കുന്നതില്‍ തെറ്റില്ല. 2-4 കപ്പ് വരെ ദിവസത്തില്‍ ഇത് കഴിക്കാവുന്നതാണ്. 

കാപ്പി 'അഡിക്ഷനോ'?

കാപ്പി ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് 'അഡിക്ഷൻ' ആയി മാറുമെന്ന് പറയുന്നവരുണ്ട്. എന്താണ് 'അഡിക്ഷൻ' എന്ന് ആദ്യം മനസിലാക്കാം. അതായത് ഒരു ശീലം ഉപേക്ഷിക്കുമ്പോള്‍ ശരീരത്തിനും മനസിനും അത് ഉള്‍ക്കൊള്ളാൻ പ്രയാസമായതിനാല്‍ ശരീരവും മനസും പല ലക്ഷണങ്ങളാല്‍ ഇതിനെ പ്രതിരോധിക്കുന്ന അവസ്ഥയാണ് 'അഡിക്ഷൻ' എന്ന് പറയാം. പുകവലി , മദ്യപാനം എല്ലാം 'അഡിക്ഷൻ' ഉണ്ടാക്കുന്നതാണ്. എന്നാല്‍ കാപ്പികുടി നിര്‍ത്തിയാല്‍ അത് പ്രത്യേകിച്ച് വലിയ രീതിയിലുള്ള പ്രശ്നങ്ങളൊന്നും ശരീരത്തിനോ മനസിനോ ഉണ്ടാക്കില്ല. കാപ്പി കുടിക്കുന്നത് പതിവാക്കിയിട്ടുള്ളവരില്‍ ഇത് സമയത്തിന് കിട്ടിയില്ലെങ്കില്‍ ചെറിയ തലവേദന, മൂഡ് പ്രശ്നം എന്നിവ കാണാം. ഇത്രമാത്രമാണ് കാപ്പിയുടെ 'അഡിക്ഷൻ'!

Also Read:- വയര്‍ കുറയ്ക്കാൻ ഉലുവയും പെരുഞ്ചീരകവും വച്ച് തയ്യാറാക്കുന്ന ഈ പാനീയം പതിവാക്കാം...

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ദില്ലിയിലും കൂടുതൽ പരിശോധന | Elathur Train Attack | Delhi