സാധാരണയായി പ്രായം കൂടുന്തോറും എല്ലുകൾ ദുർബലമാകും. പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഇത് കൂടുതലായി കാണാറുണ്ട്. ചെറിയ വീഴ്ചയിൽ പോലും എല്ലൊടിയാൻ ഇത് കാരണമാകും.

ആരോഗ്യത്തോടെയിരിക്കാൻ എല്ലുകളുടെ ബലം വളരെ പ്രധാനമാണ്. സാധാരണയായി പ്രായം കൂടുന്തോറും എല്ലുകൾ ദുർബലമാകും. പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഇത് കൂടുതലായി കാണാറുണ്ട്. ചെറിയ വീഴ്ചയിൽ പോലും എല്ലൊടിയാൻ ഇത് കാരണമാകും. പ്രായം മാത്രമല്ല മറ്റ് പല ഘടകങ്ങളും ചെറുപ്പത്തിൽ തന്നെ എല്ലുകളുടെ ബലം കുറയ്ക്കാൻ ഇടയാക്കും. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 വഴികൾ ഇതാണ്.

Add Asianetnews as a Preferred SourcegooglePreferred

1. ഭക്ഷണവും വ്യായാമവും

പ്രോട്ടീൻ, കലോറി, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയടങ്ങിയ സമീകൃതാഹാരം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പാൽ ഉൽപ്പന്നങ്ങൾ, ബ്രൊക്കോളി, കെയ്ൽ പോലുള്ള പച്ചക്കറികൾ, ബദാം, ചിയ വിത്തുകൾ എന്നിവ കാൽസ്യത്തിന്റെ പ്രധാന സ്രോതസ്സുകളാണ്. അനങ്ങാതെ ഒരിടത്ത് തന്നെ ഇരിക്കുന്ന ജീവിതശൈലി എല്ലുകളുടെയും പേശികളുടെയും ബലം കുറയ്ക്കും. പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ, ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ, ദിവസവും 30 മിനിറ്റെങ്കിലും വേഗത്തിൽ നടക്കുന്നത് എന്നിവ എല്ലുകളുടെയും പേശികളുടെയും ബലം കൂട്ടാൻ സഹായിക്കും.

2. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി

സൂര്യപ്രകാശം ഏൽക്കുമ്പോൾ നമ്മുടെ തൊലിയിലാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. പിന്നീട് കരളിലും വൃക്കകളിലുമെത്തി ഇത് പ്രവർത്തനക്ഷമമാകും. കുടൽ, വൃക്ക എന്നിവയിൽ നിന്നും കാൽസ്യവും ഫോസ്ഫറസും ശരീരം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. വിറ്റാമിൻ ഡി കുറയുമ്പോൾ രക്തത്തിൽ കാൽസ്യത്തിന്റെ അളവും കുറയും. ഇത് പരിഹരിക്കാൻ ശരീരം എല്ലുകളിൽ നിന്ന് കാൽസ്യം വലിച്ചെടുക്കാൻ തുടങ്ങും. കാലക്രമേണ ഇത് എല്ലുകളെ ദുർബലമാക്കും.

3. ആരോഗ്യകരമായ ശരീരഭാരം

അമിതവണ്ണമുള്ളവർ ഭാരം കുറയ്ക്കുന്നത് എല്ലുകളുടെ ബലം കൂട്ടാൻ സഹായിക്കും. ബോഡി മാസ് ഇൻഡക്സ് എപ്പോഴും കൃത്യമായ അളവിൽ നിലനിർത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

4. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലി എല്ലുകളുടെ ബലക്ഷയം വേഗത്തിലാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലി നിർത്തുന്നതും മദ്യപാനം ദിവസവും 2 യൂണിറ്റിൽ താഴെയായി പരിമിതപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം കാര്യമായി മെച്ചപ്പെടുത്തും.

5. മരുന്നുകളിലെ മാറ്റം

ചില മരുന്നുകൾ, പ്രത്യേകിച്ച് ദീർഘകാലം അല്ലെങ്കിൽ ഉയർന്ന ഡോസിൽ ഉപയോഗിക്കുമ്പോൾ, എല്ലുകളുടെ ബലം കുറയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ മരുന്നുകളുടെ ദീർഘകാല ഉപയോഗം ഒഴിവാക്കുകയോ, ഡോസ് കുറയ്ക്കുകയോ, അല്ലെങ്കിൽ മറ്റ് മരുന്നുകളിലേക്ക് മാറുകയോ ചെയ്യുന്നത് എല്ലുകളുടെ ബലക്ഷയം കുറയ്ക്കാൻ സഹായിക്കും.