രക്തസമ്മർദ്ദം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ്. അതില്‍ തന്നെ പൊട്ടാസ്യവും വൈറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഓറഞ്ച്. ദിവസവും ഓറഞ്ച് ജ്യൂസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമുളള ഓറഞ്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുക മാത്രമല്ല,  ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. 

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഓറഞ്ചിലുളള സവിശേഷ നാരുകളും വിറ്റാമിന്‍ സിയും ശരീരത്തെ ആരോഗ്യകരമായി നിലനിറുത്തുന്നു. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. ജ്യൂസായും അല്ലാതെയും ഓറഞ്ച് കഴിക്കാം. 

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് 'ഓറഞ്ച്'. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. വൃക്കരോ​ഗമുള്ളവർ ആഴ്ചയിൽ രണ്ട് തവണ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അതൊടൊപ്പം തന്നെ ഓറഞ്ചിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ ഓറഞ്ച് ജ്യൂസ് അധികം കുടിക്കുന്നത് ഒഴിവാക്കുക. 

 

രക്തസമ്മര്‍ദ്ദം കുറയ്ക്കാനുപകരിക്കുന്ന മറ്റ്  ഭക്ഷണങ്ങളെ പരിചയപ്പെടാം. 

വാഴപ്പഴം

വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ്. ഒപ്പം സോഡിയത്തിന്‍റെ അളവ് തീരെക്കുറവും. ഈ 'കോംമ്പിനേഷന്‍' നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുതകുന്നതാണ്. 

വെണ്ണപ്പഴം

വെണ്ണപ്പഴത്തില്‍ പൊട്ടാസ്യം വളരെക്കുടുതലുളളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വെണ്ണപ്പഴത്തില്‍ ആന്‍റി ഓക്സിഡന്‍റുകളും വൈറ്റമിന്‍ എ, കെ, ബി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. 

കിവി

രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല പഴമാണ് കിവി. കിവിയിൽ പൊട്ടാസ്യവും വൈറ്റമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

തണ്ണിമത്തന്‍

തണ്ണിമത്തനും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഹൃദയാരോഗ്യത്തിനുതകുന്ന ഫൈബറുകളും, വൈറ്റമിന്‍ എ, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. 

ഏത്തപ്പഴം

പൊട്ടാസ്യവും മറ്റ് പോഷകങ്ങളും കൂടുതലായി അടങ്ങിയ ഒന്നാണ് ഏത്തപ്പഴം . ഇത് ദിവസവും ഒരെണ്ണം വച്ച് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം സാമാന്യം മികച്ച രീതിയില്‍ തന്നെ നിയന്ത്രിക്കാനായി സാധിക്കും.

ചീര

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര.  മഗ്നീഷ്യം, അയണ്‍, വൈറ്റമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. 

ബീന്‍സ് 

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ബീന്‍സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

തക്കാളി

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആന്റി-ഓക്സിഡന്റായ 'ലൈക്കോപിന്‍' തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ബിപിയുള്ളവര്‍ തക്കാളി കഴിക്കുന്നത് നല്ലതാണ്. 

വെളുത്തുള്ളി

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി രക്തയോട്ടം വർധിപ്പിക്കുന്നതിനും പ്രമേഹം അകറ്റുന്നതിനും സഹായിക്കുന്നു. 

Also Read: ഉയർന്ന രക്തസമ്മര്‍ദ്ദമുള്ളവർ തക്കാളി കഴിക്കുമ്പോൾ...