മധുരം ചേര്‍ക്കാതെ കാപ്പി കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. കാപ്പി വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തില്‍ നേരത്തെ തന്നെ പല പഠനങ്ങളും സൂചന നല്‍കിയിട്ടുള്ളതാണ്
മിക്കവാറും പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നതാണ് ആരോഗ്യകരം. ഇതിന് ശേഷം ലഘുഭക്ഷണം എന്തെങ്കിലും കൂടി കഴിച്ച ശേഷം മാത്രം ചായയോ കാപ്പിയോ കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കാറ്.
എന്നാല്‍ അധികപേര്‍ക്കും ആദ്യമേ പറഞ്ഞതുപോലെ ഉണര്‍ന്നയുടൻ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നതാണ് ഇഷ്ടം. ദഹനപ്രശ്നങ്ങളുള്ളവര്‍ക്കാണ് ഇത് ഏറെയും പ്രയാസങ്ങള്‍ സൃഷ്ടിക്കാറ്. അല്ലാത്തവരെ സംബന്ധിച്ച് ഈ ശീലം വലിയ പ്രശ്നമാകാറില്ല.
എന്തായാലും ചായയും കാപ്പിയും ദിവസത്തില്‍ പലവട്ടം കഴിക്കുന്ന ശീലം അത്ര നല്ലതല്ല. പ്രത്യേകിച്ച് ഇതില്‍ മധുരം ചേര്‍ക്കുന്നു എന്നതാണ് വലിയ പ്രശ്നം. ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്. 'അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യൻ' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
മധുരം ചേര്‍ക്കാതെ കാപ്പി കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനത്തിന്‍റെ കണ്ടെത്തല്‍. അതും പാല്‍ ചേര്‍ക്കാത്ത കാപ്പിയാണ് നല്ലത്. കാപ്പി വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തില്‍ നേരത്തെ തന്നെ പല പഠനങ്ങളും സൂചന നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ചില പഠനങ്ങള്‍ ഇതിനെതിരെയും വിരല്‍ചൂണ്ടിയിട്ടുണ്ട്.
മധുരമിടാതെ കഴിച്ചാല്‍ കാപ്പി നല്ലതാണെന്ന് അപ്പോഴും പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിരുന്നു. ഇതുതന്നെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ഈ പുതിയ പഠനം. അതേസമയം മധുരം ചേര്‍ത്ത് കാപ്പി കഴിക്കുന്ന ശീലം അല്‍പം ശരീരഭാരം കൂട്ടാൻ കാരണമാകുമെന്നും പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
ക്യാൻസര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങി പല അസുഖങ്ങളുള്ളവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ആരോഗ്യാവസ്ഥ 'നോര്‍മല്‍' ആയി തുടരുന്നവര്‍ക്കേ ഇത് ബാധമാകൂ എന്നം പഠനം ഓര്‍മ്മിപ്പിക്കുന്നു.
Also Read:- സ്ത്രീകളിലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-