ശരീരത്തിൽ വെള്ളം കുറയുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. ദിവസവും 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. 

ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അതിന്‍റെ ഫലമായി മലബന്ധം ഉണ്ടാകാം. വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും.

വെള്ളം കുടിക്കുന്നത് കൊണ്ട് ഇതുകൂടാതെ മറ്റുചില ഗുണങ്ങള്‍ കൂടിയുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. പ്രമേഹം നിയന്ത്രിക്കാന്‍ ഇതോടൊപ്പം മദ്യം, മധുരമുളള പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കണം എന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.