തുടര്‍ച്ചയായി ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ എണ്ണം 66 ശതമാനമെങ്കിലും കുറയുമത്രേ. ഇതാണ് ക്രമേണ 'ഡ്രൈ ഐ'യിലേക്ക് നയിക്കുന്നത്

സ്മാര്‍ട് ഫോണിന്റെ ( Smart Phone ) വരവോടുകൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും, ഉപയോഗിക്കുന്ന സമയവുമെല്ലാം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് കണ്ണുകളെ ( Eye Health ) പ്രതികൂലമായി ബാധിക്കാം. 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലി വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും നാം ചിലവിടുന്ന സമയം വീണ്ടും കൂടി. ഈ സാഹചര്യത്തില്‍ കണ്ണുകളെ ബാധിക്കുന്ന 'ഡ്രൈ ഐ' രോഗം കൂടിയതായാണ് വിദഗ്ധര്‍ പറയുന്നത്. 

'ഡ്രൈ ഐ രോഗം എന്നാല്‍ പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ, കണ്ണുകളിലെ നനവ് വാര്‍ന്നുപോകുന്ന അവസ്ഥയാണ്. സാധാരണഗതിയില്‍ പ്രായമായവരെയാണ് അധികമായും ഈ രോഗം ബാധിച്ചുകാണാറ്. എന്നാല്‍ കൊവിഡ് കാലത്ത് കുട്ടികളില്‍ വരെ ഡ്രൈ ഐ കൂടിയിട്ടുണ്ട്. കാര്യമായ അവബോധം ആവശ്യമായൊരു വിഷയം കൂടിയാണിത്...'- ദില്ലിയില്‍ നിന്നുള്ള നേത്രരോഗ വിദഗ്ധന്‍ ഡോ. തുഷാര്‍ ഗ്രോവര്‍ പറയുന്നു. 


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ 'ഡ്രൈ ഐ' ബാധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഏതാണ്ട് 30-40 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ഡോ. തുഷാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കൊവിഡുമായി പരോക്ഷമായി ബന്ധപ്പെട്ട് വരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. 

തുടര്‍ച്ചയായി ദീര്‍ഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ എണ്ണം 66 ശതമാനമെങ്കിലും കുറയുമത്രേ. ഇതാണ് ക്രമേണ 'ഡ്രൈ ഐ'യിലേക്ക് നയിക്കുന്നത്. 

കണ്ണില്‍ വേദന, നീറ്റല്‍, എരിച്ചില്‍, തളര്‍ച്ച, കാഴ്ച മങ്ങല്‍, കരട് വീണതുപോലുള്ള അനുഭവം, കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത, സ്‌ക്രീനിലേക്ക് അധികസമയം നോക്കാന്‍ കഴിയാതെ വരിക എന്നിങ്ങനെ പല വിഷമതകളും 'ഡ്രൈ ഐ'യില്‍ നേരിടാം. കണ്ണിലെ പേശികളില്‍ വരുന്ന സമ്മര്‍ദ്ദം മൂലം കണ്ണ് വേദനയ്‌ക്കൊപ്പം തലവേദനയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. 

'ഡ്രൈ ഐ' സാധ്യത ഒഴിവാക്കാന്‍ നിര്‍ബന്ധമായും സ്‌ക്രീന്‍ സമയം കുറയ്ക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഘടനയും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. നല്ലത് പോലെ വെള്ളം കുടിക്കുകയും കണ്ണിന് ആരോഗ്യം പകരുന്ന ഡയറ്റ് പിന്തുടരുകയും ചെയ്യുന്നതും നല്ലത് തന്നെ. 

സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറച്ച് ഉപയോഗിക്കുന്നതും എപ്പോഴും നല്ലതാണ്. ഇത് കണ്ണിന് അമിത സമ്മര്‍ദ്ദം നല്‍കാതെ കാക്കും. 

'ഡ്രൈ ഐ' സംശയം തോന്നിയാല്‍ വൈകാതെ തന്നെ നേത്രരോഗ വിദഗ്ധരെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങളോ ചികിത്സയോ തേടുക. കണ്ണില്‍ നനവ് നിലനില്‍ക്കാന്‍ സഹായിക്കുന്ന 'ഡ്രോപ്‌സ്', കഴിക്കാന്‍ മരുന്നുകള്‍ തുടങ്ങി പല ചികിത്സാരീതികളും ഇതിന് പ്രതിവിധിയായി ലഭ്യമാണ്. 

Also Read:- പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നീലക്കണ്ണുള്ള സ്ത്രീകളെയെന്ന് പഠനം