ഇ-സി​ഗരറ്റ് ഉപയോ​ഗിച്ചാലുള്ള ദോഷവശങ്ങളെ കുറിച്ച് പലർക്കും അറിയില്ല. പുകവലി നിർത്തുവാനുള്ള മാർ​ഗമായാണ് പലരും ഇലക്ട്രോണിക് സിഗരറ്റ് ഉപയോ​ഗിക്കുന്നത്. എന്നാൽ  ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് പഠനം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. 

കാഴ്ച്ചയിൽ പേന പോലെയിരിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് സിഗരറ്റ്. സാധാരണ സിഗരറ്റിലും ഇ-സിഗരറ്റിലും നിക്കോട്ടിനുണ്ട്. നിക്കോട്ടിന്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ചില ഇ- സിഗരറ്റിൽ ദ്രാവകരൂപത്തിലാണ് നിക്കോട്ടിൻ ചേർത്തിരിക്കുന്നത്. ചുണ്ട് കറുക്കുക, പല്ലു കേടു വരിക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല.

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതിന് മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നു. ശ്വാസം മുട്ടൽ മാത്രമല്ല ശ്വാസകോശ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.

ആസ്തമയുള്ളവർ ഒരു കാരണവശാലും ഇ-സി​ഗരറ്റ് ഉപയോ​ഗിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ 13 ശതമാനത്തോളം പേർ ഇ-സി​ഗരറ്റ് ഉപയോ​ഗിച്ച്  വരുന്നതായും നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.