Asianet News MalayalamAsianet News Malayalam

കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന

'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്'- ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു.

Early stages of Covid 19 third wave says WHO chief
Author
Thiruvananthapuram, First Published Jul 15, 2021, 1:43 PM IST

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്‍റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. 

'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്'- ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. 'ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടും വ്യാപിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്'- യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചകൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി പറയുന്നു. 

കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കൊണ്ട് കൊവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണ്. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം പറയുന്നു. 

കൊവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ 'ഞെട്ടിക്കുന്ന അസമത്വ'മാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. 'ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങള്‍ വൈറസിനെതിരായ പോരാടുന്നതിന് വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുമൂലം 'ടു-ട്രാക്ക്' മഹാമാരിയുണ്ടാകുന്നു. വാക്‌സിനുകള്‍ ലഭ്യമായ രാജ്യങ്ങള്‍ക്കുള്ളതാണ് ഒരു ട്രാക്ക്. അവര്‍ നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്‌സിന്‍ ലഭ്യമല്ലാത്തവര്‍ക്കുള്ളതാണ്. 'വൈറസിന്റെ കാരുണ്യ'ത്തില്‍ അവര്‍ അവശേഷിക്കുന്നു'- ടെഡ്രോസ് അഥനോം വ്യക്തമാക്കി. 

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നതാണ്. വാക്‌സിന്‍ ദേശീയത മഹാമാരിയെ വര്‍ധിപ്പിക്കുമെന്നും വാക്‌സിന്‍ വിതരണം എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പാക്കണമെന്നും ടെഡ്രോസ് അഥനോം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

Also Read: വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios