രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ വരണ്ടതും ചൊറിച്ചുള്ളതുമായ ചർമ്മമായി പ്രത്യക്ഷപ്പെടാം. 

ലോകമെമ്പാടുമുള്ള 40 ദശലക്ഷത്തിലധികം ആളുകൾക്ക് വൃക്കസംബന്ധമായ രോഗമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഭൂരിഭാഗം പേർക്കും അതിനെക്കുറിച്ച് അറിയില്ല. വൃക്കരോഗമുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും പലരും അതിനെ അവ​ഗണിക്കാറാണ് പതിവ്. വൃക്കതകരാറ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...

ക്ഷീണം...

വൃക്കസംബന്ധമായ പ്രശ്നങ്ങൾ രക്തത്തിൽ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. കിഡ്‌നി ഡിസോർഡർ ബാധിച്ച ഒരു രോഗിക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. 

ഉറക്കക്കുറവ്...

വൃക്കകൾ കാര്യക്ഷമമായി രക്തം ഫിൽട്ടർ ചെയ്യുന്നില്ലെങ്കിൽ വിഷവസ്തുക്കൾ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തുപോകില്ല. തൽഫലമായി, ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. കൂടാതെ, പൊണ്ണത്തടിയും വിട്ടുമാറാത്ത വൃക്കരോഗവും തമ്മിൽ ബന്ധമുണ്ട്. വൃക്കരോഗമുള്ളവർക്ക് ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യക കൂടുതലാണ്.

വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം...

രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ വരണ്ടതും ചൊറിച്ചുള്ളതുമായ ചർമ്മമായി പ്രത്യക്ഷപ്പെടാം.

ഇടയ്ക്കിടെ മൂത്രമൊഴിക്കൽ...

നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചിലപ്പോൾ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.

പാദങ്ങളിൽ നീര്...

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.

മൂത്രത്തിൽ പത...

വൃക്ക തകരാറിന്റെയോ വൃക്കരോഗത്തിന്റെയോ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ പത കാണുന്നത്. മൂത്രത്തിൽ അമിതമായ കുമിളകൾ അല്ലെങ്കിൽ പത കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

വിശപ്പില്ലായ്മ...

വൃക്കസംബന്ധമായ രോഗത്തിന്റെ ലക്ഷണമാണ് വിശപ്പ് കുറയുന്നത്. വൃക്കസംബന്ധമായ പ്രവർത്തനം തകരാറിലായതിനാൽ വിഷവസ്തുക്കളുടെ ശേഖരണമാണ് ഇതിന്റെ ഒരു കാരണം.

Read more ഈ പഴം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live