അമിതവണ്ണം ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും  വ്യായാമമില്ലായ്മയുമാണ് അമിതവണ്ണം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. വ്യായാമമില്ലായ്മ അമിതവണ്ണം മാത്രമല്ല ​ഹൃദ്രോ​ഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. വണ്ണം കൃത്യമായി പരിശ്രമിച്ചാൽ കുറയ്ക്കാവുന്നതേയുള്ളൂ.ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ ശരീരത്തിൽ കൊഴുപ്പടിയുന്നത് തടയാം.

രണ്ട്...

 പ്രധാന ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. ഇളം ചൂട് വെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കഴിക്കുന്നത് ഏറ്റവും നല്ലത്.

മൂന്ന്...

 പ്രധാന ഭക്ഷണത്തിനു മുമ്പ് സാലഡ് ശീലമാക്കുക. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം. കിഴങ്ങ് പോലുള്ളവ കുറയ്ക്കണം. പഴച്ചാറുകൾക്കൊപ്പം പഞ്ചസാര ചേർത്ത് കഴിക്കരുത്.

നാല്...

 ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ഇതിനായി ജിമ്മിൽ പോകേണ്ട. വീട്ടിൽ തന്നെ ഏതെങ്കിലും വ്യായാമങ്ങളോ കളികളോ നൃത്തമോ ആകാം. ശരീരം വിയർക്കണം.

അഞ്ച്...

വിയർക്കുന്ന ജോലികൾ ചെയ്യാം. സ്ത്രീകളാണെങ്കിൽ ഒഴിവു സമയങ്ങൾ വീട് തുടയ്ക്കാനോ തൂത്തു വൃത്തിയാക്കാനോ ഒക്കെ സമയം കണ്ടെത്തണം. ഇതും വ്യായാമമാണ്

ആറ്...

ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. ഗ്രീന്‍ ടീ പതിവായി കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു. ഷുഗർഫ്രീ ആയിരിക്കണം എന്നു മാത്രം. 

ഏഴ്...

ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഏതെങ്കിലും ഒരു പഴമോ ഒരു പച്ചക്കറിയോ കഴിച്ചു എന്ന് ഉറപ്പുവരുത്താം.