ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശൈലീരോഗങ്ങളില്‍ ഒന്നാണ് പൊണ്ണത്തടി അഥവാ ഒബിസിറ്റി. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യമാണ് പൊണ്ണത്തടി ഉണ്ടാക്കുന്നത്. കലോറി അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും, കായികാധ്വാനമില്ലാതിരിക്കുന്നതുമാണ് പൊണ്ണത്തടി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ചിപ്‌സ്, ഫ്രൈഡ്,ഫാസ്റ്റ്ഫുഡ് എന്നിവ ശീലമാക്കിയവരിലും പൊണ്ണത്തടിയുണ്ടാകും. 

പ്രമേഹം, രക്തസമ്മര്‍ദ്ദം, പോളിസിസ്റ്റിക് ഓവറീസ് തുടങ്ങിയ അസുഖങ്ങള്‍ പൊണ്ണത്തടിയുള്ള ശരീരപ്രകൃതം കാരണം ഉണ്ടാകാവുന്നതാണ്. കൂടാതെ ലിവറില്‍ കൊഴുപ്പടിഞ്ഞ് ലിവര്‍ സിറോസിസിന് വരെ കാരണമാകുന്നു. ആഹാര നിയന്ത്രണവും, വ്യായാമങ്ങളുമാണ് പൊണ്ണത്തടി കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങൾ. 

പൊണ്ണത്തടി ഉണ്ടായാൽ‌ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജേണൽ ഓഫ് ന്യൂസയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പൊണ്ണത്തടി പ്രതിരോധശേഷി കുറയ്ക്കാമെന്നും പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണമെന്ന് നോക്കാം...

ഒന്ന്...

ജങ്ക് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഡിയം, ഷു​ഗർ, ഫാറ്റ് എന്നിവ ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാർബോ​ഹെെഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

രണ്ട്...

വയറ് നിറയെ ഭക്ഷണം കഴിച്ച ശേഷം പകൽ ഒരു മണിക്കൂറെങ്കിലും ഉറങ്ങുന്ന ചിലരുണ്ട്. അമിതവണ്ണമുള്ളവർ പകൽ ഉറക്കം ഒഴിവാക്കുന്നതാകും നല്ലത്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ​കൂടാതെ,പലതരത്തിലുള്ള അസുഖങ്ങളും പിടിപെടാം.

മൂന്ന്...

 എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ കഴിക്കുന്നത് തടി കൂട്ടാം. അത് കൂടാതെ,  കൊളസ്ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

നാല്...
 
റെഡ് മീറ്റ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. റെഡ് മീറ്റ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം വളരെ പെട്ടെന്ന് കൂടാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

അഞ്ച്...

ദിവസവും നാലോ അഞ്ചോ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ഇടവിട്ട് ചായയോ കാപ്പിയോ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. സ്ഥിരമായി ചായ കുടിച്ചാൽ തടിവയ്ക്കാനുള്ള സാധ്യത വളരെ  കൂടുതലാണ്.