ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയിഡിസം, ഹൈപ്പോ തൈറോയിഡിസം) പ്രധാന രോഗങ്ങള്‍.

വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയും. ക്ഷീണം, വിഷാദം, ആര്‍ത്തവക്രമക്കേടുകള്‍, കൊളസ്ട്രോള്‍, കുടുംബപാരമ്പര്യം എന്നിവയോക്കെയാണ് ലക്ഷണങ്ങളാകാം. തൈറോയ്‌ഡ് രോഗികള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. തൈറോയ്ഡ് രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.. 

അയഡിന്‍ 

അയഡിന്‍  അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ടത്. അയഡിന്‍  ധാരാളം അടങ്ങിയ കടല്‍ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക. പച്ചക്കറികളും അയഡിന്‍റെ ഉത്തമസ്രോതസ്സാണ്. 

വെള്ളം 

തൈറോയിഡ് രോഗികള്‍ വെള്ളം ധാരാളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.  

പഴങ്ങളും പച്ചക്കറികളും

ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. 
പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്. 

വെളിച്ചെണ്ണ

ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

ഗ്രീന്‍ ടീ 

ഗ്രീന്‍ ടീ കുടിച്ചാല്‍ തടി കുറയുക മാത്രമല്ല മറിച്ച്‌ രോഗപ്രതിരോധ ശക്തി കൂടുകയും ചെയ്യും.