2018 ഓഗസ്റ്റുമുതല്‍ കോംഗോയില്‍ എബോള ബാധിച്ച് ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്. ഇപ്പോഴിതാ എബോളയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണം 90 ശതമാനം വിജയകരമായിരിക്കുകയാണ്.  രണ്ട് മരുന്നുകള്‍ 90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. എബോള പടര്‍ന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകള്‍ പരീക്ഷിച്ചത്.

രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താല്‍ രോഗബാധയുണ്ടായ 90 ശതമാനംപേരെ രക്ഷിക്കാനാകുമെന്നും ഗവേഷണം നടത്തിയ യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) പറഞ്ഞു. ആര്‍.ഇ.ജി.എന്‍-ഇ.ബി.3, എംഎബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് തെളിഞ്ഞത്. ഈ മരുന്നുകള്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് കുറഞ്ഞതായും എന്‍.ഐ.എച്ചിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്‍റണി ഫൗസി പറഞ്ഞു. 

ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തില്‍ 2018 നവംബറിലാണ് എന്‍.ഐ.എച്ച്. എബോളയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള ഗവേഷണമാരംഭിച്ചത്. 700 രോഗികളിലായി നാലുമരുന്നുകളാണ് പരീക്ഷിച്ചത്. ഇതില്‍ 499 രോഗികളുടെ ഫലമാണ് പുറത്തുവിട്ടിട്ടുള്ളത്. കാര്യക്ഷമത കുറവെന്നു കണ്ടെത്തിയതോടെ ഇസഡ് മാപ്പ്, റെംഡെസിവിര്‍ എന്നീ മരുന്നുകള്‍ ഉപേക്ഷിച്ചുവെന്നും എന്‍.ഐ.എച്ച്. പറഞ്ഞു. 

ആര്‍.ഇ.ജി.എന്‍-ഇ.ബി.3 മരുന്നുപയോഗിച്ചവരില്‍ 71 ശതമാനം പേരുടെയും എംഎബി 114 ഉപയോഗിച്ചതില്‍ 66 ശതമാനം പേരുടെയും നില മെച്ചപ്പെട്ടു. രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയവരില്‍ ഈ മരുന്നുപയോഗിച്ചപ്പോള്‍ 94 ശതമാനംപേരും എബോളയെ അതിജീവിച്ചു. എന്നാല്‍, ഇസഡ് മാപ്പ് ഉപയോഗിച്ചവരില്‍ 49 ശതമാനം പേരും റെംഡെസിവിര്‍ നല്‍കിയതില്‍ 53 ശതമാനം പേരും മരണത്തിനുകീഴടങ്ങിയെന്നും എന്‍.ഐ.എച്ച്. പറഞ്ഞു.