കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്തിന്റെ അവസ്ഥ വഷളാക്കിക്കൊണ്ടിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് എട്ട് നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ എട്ട് നഗരങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 

മുംബൈ (മഹാരാഷ്ട്ര), ദില്ലി, അഹമ്മദാബാദ് (ഗുജറാത്ത്) എന്നീ നഗരങ്ങളാണ് പട്ടികയില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം എത്തിയിരിക്കുന്നത്. രാജ്യത്ത് ആകെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കൊവിഡ് കേസുകളില്‍ 42 ശതമാനവും ഇവിടങ്ങളില്‍ നിന്നാണ്. 

പുണെ (മഹാരാഷ്ട്ര), താനെ (മഹാരാഷ്ട്ര), ഇന്‍ഡോര്‍ (മദ്ധ്യപ്രദേശ്), ചെന്നൈ (തമിഴ്‌നാട്), ജയ്പൂര്‍ (രാജസ്ഥാന്‍) എന്നീ നഗരങ്ങളാണ് യഥാക്രമം പട്ടികയിലെ മറ്റ് അഞ്ച് നഗരങ്ങള്‍. 

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതും മുംബൈ, അഹമ്മദാബാദ്, ദില്ലി എന്നിവിടങ്ങളില്‍ തന്നെയാണ്. ഇപ്പോള്‍ ജയ്പൂരിലും ഇന്‍ഡോറിലും സമാനമായ പ്രവണതയാണ് കാണാനാകുന്നത്. അതേസമയം ചെന്നൈ, താനെ, പുണെ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് താരതമ്യേന കൂടുതല്‍ ദിവസങ്ങളും എടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ സമീപദിവസങ്ങളില്‍ നേരിയ കുറവ് സംഭവിച്ചതും ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. 

 

 

രാജ്യത്തെ ആകെ ചിത്രം പരിശോധിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഇന്ത്യയിലെ ആദ്യ മൂന്ന് കൊവിഡ് 19 കേസുകളും കേരളത്തില്‍ നിന്നായിരുന്നു. അതിനാല്‍ത്തന്നെ കേരളം വലിയൊരു ഭീഷണിയായിരുന്നു മുന്നില്‍ക്കണ്ടിരുന്നത്. എന്നാല്‍ താരതമ്യേന ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി കേരളം ചുരുക്കം ദിവസങ്ങള്‍ കൊണ്ട് തന്നെ മാറി. 

മെയ് ആദ്യവാരത്തില്‍ ആകെ അഞ്ച് കേസുകളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഇന്ന് മാത്രമാണ് പുതിയ ഒരു കേസ് കൂടി വന്നത്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കുറഞ്ഞ തോതിലാണുള്ളത്. ത്രിപുര, അസം, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ നിന്നായി ആകെ 135 കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നാഗാലാന്റിലും സിക്കിമിലും ഒരു കേസ് പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

എന്തുകൊണ്ട് ഈ എട്ട് നഗരങ്ങള്‍...

രാജ്യത്ത് തന്നെ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന നഗരമാണ് മുംബൈ. ഇവിടെ ചേരികളില്‍ അടിസ്ഥാനസൗകര്യമില്ലാതെ കഴിയുന്നവര്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. മുംബൈയില്‍ നിന്ന് ഈ ട്രെന്‍ഡ് അധികം വൈകാതെ താനെ, പുണെ എന്നിവിടങ്ങളിലേക്കുമെത്തിയെന്നാണ് വിലയിരുത്തല്‍. 

ദില്ലിയും മുംബൈയുടേതായ സമാനസാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ ആയിരക്കണക്കിന് പേരാണ് നഗരത്തില്‍ പലയിടങ്ങളിലായി തമ്പടിച്ചിരുന്നത്. താല്‍ക്കാലികമായി ജോലിയാവശ്യങ്ങള്‍ക്ക് എത്തിയിരുന്നവരാണ് ഇവരില്‍ അധികവും. താഴെത്തട്ടില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയതെന്നാണ് ദില്ലിയുടെ കാര്യത്തില്‍ പൊതുവേയുള്ള ആരോപണം.

Also Read:- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തിൽ വൻ വർധന, ആശങ്ക ഉയരുന്നു...

 

 

അഹമ്മദാബാദും ജനസാന്ദ്രതയേറിയ നഗരമാണ്. കൊവിഡ് വ്യാപകമായ ആദ്യദിവസങ്ങളില്‍ ഒത്തുകൂടലുകള്‍ ഉള്‍പ്പെടെ അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന പല പ്രവര്‍ത്തനങ്ങളും വിലക്കപ്പെട്ടിരുന്നില്ല എന്നതാണ് അഹമ്മദാബാദിന്റെ കാര്യത്തില്‍ വിനയായത്. 

ഇന്‍ഡോര്‍, ചെന്നൈ എന്നീ നഗരങ്ങളുടെ കാര്യത്തിലാണെങ്കില്‍ പ്രതിരോധമാര്‍ഗമായി നമ്മള്‍ കൈക്കൊണ്ട സാമൂഹികാകലം പാലിക്കാതിരുന്നതാണ് വലിയ തിരിച്ചടിയായത്. ചെന്നൈയില്‍ പ്രമുഖമായ രണ്ട് മാര്‍ക്കറ്റുകളില്‍ സന്ദര്‍ശനം നടത്തിവരാണ് സമീപദിവസങ്ങളില്‍ കൊവിഡ് ബാധിച്ചവരിലേറെയും. ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും സുരക്ഷാക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്നതും ദുഖകരമായ വസ്തുതയാണ്. രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഒരു ഡോക്ടർ മരിച്ചത് ഇന്‍ഡോറിലാണെന്നത് ശ്രദ്ധേയമാണ്. 

Also Read:- 'കൊവിഡ് 19 ഇന്ത്യയില്‍ കൂടാനിരിക്കുന്നതേയുള്ളൂ'; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍...

ജയ്പൂരിന്റെ കാര്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കൊവിഡ് കേസുകള്‍ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് ജയ്പൂരിലെ അവസ്ഥകള്‍ ഇത്രത്തോളമെത്താന്‍ കാരണമായത്. പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയുമായിരുന്നു. 

ആകെ 56,516 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,895 പേര്‍ മരിച്ചു. 16,867 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.