നമ്മള്‍ ഇതുവരെ കണ്ടെത്താത്ത പല വൈറസുകളും- അല്ലെങ്കില്‍ രോഗകാരികളായ സൂക്ഷ്മജീവികളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെയുണ്ടാകാം. എപ്പോഴെങ്കിലും അവ നമ്മളിലേക്ക് കടന്നുകയറി ആക്രമണം നടത്താം

2019 അവസാനത്തോടെയാണ് കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ലോകരാജ്യങ്ങളിലെല്ലാമെത്തി. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ ഏറെക്കുറെ മുഴുവനായി തന്നെ കൊവിഡ് നിയന്ത്രിച്ചു എന്ന് പറയാം. അത്രമാത്രം യാതനകള്‍ നാം കൊവിഡ് മൂലം അനുഭവിച്ചു.

ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുമായി അവശേഷിച്ചവര്‍ അനവധി. തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍, സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളില്‍ ചെന്നെത്തിയവര്‍ എന്നിങ്ങനെ കൊവിഡുണ്ടാക്കിയ ദുരന്തങ്ങള്‍ ചെറുതല്ല. 

ഇപ്പോഴിതാ കൊവിഡ് വൈറസ് പോലെ തന്നെ ലോകത്തിന് പരിചയമില്ലാത്ത എട്ട് പുതിയ വൈറസുകള്‍ കൂടി ചൈനയില്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എലികളിലാണ് നിലവില്‍ ഈ വൈറസുകളുള്ളതത്രേ. ഇതിലൊരെണ്ണം കൊവിഡ് 19ന്കാരണമായിട്ടുള്ള വൈറസ് കുടുംബത്തില്‍ തന്നെ പെടുന്നതാണത്രേ.

എപ്പോഴെങ്കിലും ഈ വൈറസുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ചാല്‍ അവയ്ക്ക് എലികളില്‍ അധികമായി അതിജീവിക്കുന്നതിന് ഇടം കിട്ടും. അങ്ങനെ വൈറസുകള്‍ പതിയെ മനുഷ്യരിലേക്കും എത്തിയാല്‍ അത് ഭാവിയില്‍ പുതിയ മഹാമാരികളിലേക്കാണ് നയിക്കുകയെന്നും ഗവേഷകര്‍ അറിയിക്കുന്നു. 

ഇപ്പോള്‍ എന്തായാലും വൈറസുകളില്‍ കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ പദ്ധതി. എന്നെങ്കിലും ഇവ മനുഷ്യരിലെത്തിയാല്‍ എങ്ങനെയായിരിക്കും ഇവരുടെ പ്രവര്‍ത്തനരീതി, എങ്ങനെയാണ് ഇവര്‍ മനുഷ്യരെ ആക്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്തണം. എങ്കില്‍ മാത്രമേ പ്രതിരോധത്തിന് സജ്ജരാകാൻ കഴിയൂ എന്നതാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. 

ചൈനയിലെ ഈ കണ്ടെത്തല്‍ മറ്റ് രാജ്യങ്ങള്‍ക്കും ഒരോര്‍മ്മപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, നമ്മള്‍ ഇതുവരെ കണ്ടെത്താത്ത പല വൈറസുകളും- അല്ലെങ്കില്‍ രോഗകാരികളായ സൂക്ഷ്മജീവികളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെയുണ്ടാകാം. എപ്പോഴെങ്കിലും അവ നമ്മളിലേക്ക് കടന്നുകയറി ആക്രമണം നടത്താം. ഇവയെ കുറിച്ച് നേരത്തെ അറിയാനായാല്‍ ചിലപ്പോള്‍ പല ജീവനുകളും നമുക്ക് പിടിച്ചുനിര്‍ത്താൻ സാധിക്കാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളുമൊന്നും ഇന്ത്യ അടക്കം പല രാജ്യങ്ങളിലും സജീവമായി നടക്കുന്നില്ല എന്നതാണ് സത്യം.

Also Read:- ഡെങ്കിപ്പനി പ്രതിരോധത്തിന് ആദ്യമായി മരുന്ന്; ഇത് ചരിത്രം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo