ഹൃദയത്തിന്റെ പ്രവര്‍ത്തനഗതികള്‍ വിശദമായി മനസിലാക്കാനും ഹൃദയാഘാതം പോലുള്ള അപകടകരമായ അവസ്ഥകളെ തിരിച്ചറിയാനും സഹായിക്കുന്ന 'ഇലക്ട്രോണിക് പാച്ച്' വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. യുഎസിലെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

നിലവില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ സഹായിക്കുന്ന പേസ്‌മേക്കര്‍ അടക്കമുള്ള സംവിധാനങ്ങളുടെ പരിമിതികള്‍ പരിഹരിച്ചുകൊണ്ടാണ് പുതിയ 'ഇലക്ട്രോണിക് പാച്ച്'ന് രൂപം നല്‍കിയിരിക്കുന്നത്. പ്രധാനമായും നിലവിലുള്ള ഉപകരണങ്ങളുടെ പോരായ്കയായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് അവയുടെ കാഠിന്യമാണ്. പലപ്പോഴും ഹൃദയത്തിന് സൗഹാര്‍ദ്ദപരമായി ഉള്‍ക്കൊള്ളാനാകാത്ത തരത്തിലാണ് ഇവയുടെ ഘടനയത്രേ. 

എന്നാല്‍ പുതിയതായി വികസിപ്പിച്ചെടുത്തിരിക്കുന്ന 'ഇലക്ട്രോണിക് പാച്ച്' ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. റബര്‍ പോലെ അല്‍പസ്വല്‍പമെല്ലാം വളയ്ക്കാനും മറ്റും കഴിയുന്ന 'പാച്ച്' നേരിട്ട് ഹൃദയത്തിന് മുകളില്‍ വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയപേശികളുടേതിന് സമാനമായ ഭൗതികാവസ്ഥയാണ് പാച്ചിനുള്ളത്. 

അതിനാല്‍ തന്നെ ഹൃദയത്തിന് കാര്യമായ അസൗകര്യങ്ങള്‍ ഇതിന്റെ സാന്നിധ്യം ഉണ്ടാക്കുകയുമില്ല. മാത്രമല്ല, ഹൃദയസ്പന്ദനങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ട് തന്നെ ഇതിന് പ്രവര്‍ത്തിക്കാനുമാകും. ഹൃദ്രോഗ ചികിത്സാ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതിയ 'ഇലക്ട്രോണിക് പാച്ച്' തുടക്കം കുറിക്കുകയെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read:- ഹൃദയാഘാത സാധ്യത സ്ത്രീകളില്‍ കൂടിവരുന്നു; ശ്രദ്ധിക്കേണ്ട ചിലത്...