Asianet News MalayalamAsianet News Malayalam

Lassa Fever : ലാസാ പനിയെ കുറിച്ച് കൂടുതലറിയാം; എങ്ങനെ പ്രതിരോധിക്കാം?

മരണനിരക്ക് കുറവാണ്. രോഗം ബാധിച്ച ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിക്കാന്‍ സാധ്യതയുള്ളത്. രോഗം ബാധിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല.

Everything you need to know about  Lassa fever
Author
Trivandrum, First Published Feb 15, 2022, 5:46 PM IST

ബ്രിട്ടനിൽ ലാസാ പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2009 ൽ ലാസാ വൈറസ് ബാധിച്ച മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ബ്രിട്ടീഷ് ആരോഗ്യ അധികൃതർ അറിയിച്ചു. മറ്റ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചതിന്റെ യാത്രാ ചരിത്രമുള്ളവർക്കാണ് രോഗബാധ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

ഏകദേശം 80 ശതമാനം കേസുകളും രോഗലക്ഷണങ്ങളില്ലാത്തതിനാൽ രോഗനിർണയം നടത്താതെ തുടരുന്നതായി 
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. കൊവിഡ് മൂന്നാംതരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മോചനം നേടുന്നതിനിടെ യുകെയിൽ ലാസാ പനി സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്.

വ്യാപകമായി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പൊതുജനാരോഗ്യത്തിന് ലാസാ വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. മരണനിരക്ക് കുറവാണ്. രോഗം ബാധിച്ച ഒരു ശതമാനം പേർക്ക് മാത്രമാണ് മരണം സംഭവിക്കാൻ സാധ്യതയുള്ളത്. രോഗം ബാധിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ഗർഭം ധരിച്ച് ആറുമാസം കഴിഞ്ഞവർ അടക്കം ചിലർക്ക് മാത്രമാണ് ഇത് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത എന്നും വിദഗ്ധർ പറയുന്നു.

ലാസാ പനി ഉണ്ടാക്കുന്ന വൈറസ് ആദ്യമായി 1969 ൽ നൈജീരിയയിലെ ലാസയിൽ കണ്ടെത്തിയതായി സിഡിസി വ്യക്തമാക്കി. എലി വഴിയാണ് രോ​ഗം പകരുന്നത്. ഇത് പ്രധാനമായും പശ്ചിമാഫ്രിക്കയിലെ സിയറ ലിയോൺ, ലൈബീരിയ, ഗിനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.  

രോഗബാധിതനായ എലിയുടെ മൂത്രമോ മലമോ കലർന്ന ഭക്ഷണപദാർത്ഥങ്ങളുമായി സമ്പർക്കം പുലർത്തിയാൽ ഒരാൾക്ക് രോഗബാധയുണ്ടാകാം. രോഗിയായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായോ കണ്ണ്, മൂക്ക്, വായ തുടങ്ങിയ കഫം ചർമ്മത്തിലൂടെയോ ഒരാൾ സമ്പർക്കം പുലർത്തിയാൽ, അപൂർവ്വമായിട്ടെങ്കിലും ഇത് പകരാം.  മാരകമായ ലാസാ വൈറസ് പരത്താൻ Matomys എലികൾക്ക് കഴിവുണ്ട്. എലിക്ക് വൈറസ് ബാധിച്ചാൽ അത് അതിന്റെ മലം, മൂത്രം എന്നിവയിലൂടെ വൈറസിനെ പുറന്തള്ളാൻ കഴിയുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. 

രോഗലക്ഷണങ്ങൾ സാധാരണയായി മൂന്നാഴ്ച്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. നേരിയ പനി, ക്ഷീണം, ബലഹീനത, തലവേദന എന്നിവ മാത്രമല്ല ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി, മുഖത്തെ വീക്കം, നെഞ്ച്, പുറം, വയറുവേദന എന്നിവയും ലക്ഷണങ്ങളിൽ‌ ഉൾപ്പെടുന്നു.

ലാസാ പനിക്ക് നിലവിൽ വാക്സിൻ ഇല്ല, എന്നാൽ നിരവധി സാധ്യതയുള്ള വാക്സിനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകാരോ​ഗ്യ സംഘടന പറയുന്നു. എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് രോഗബാധ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.

രോഗബാധയുള്ള സ്ഥലങ്ങളിൽ മാത്രമല്ല എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, എലികൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ മറ്റ് സ്ഥലങ്ങളിൽ ശുചിത്വം പാലിക്കുക, എലിക്കെണികൾ സ്ഥാപിക്കുക എന്നിവ ചെയ്യുന്നത് വീട്ടിൽ എലി ശല്യം തടയാൻ സഹായിക്കും. 

വൃത്തിഹീനമായ സാഹചര്യങ്ങളിൽ എലികൾ പെരുകുകയും കുന്നു കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ മാലിന്യങ്ങൾ വീട്ടിലും പരിസരത്തും കുന്നുകൂടാതെ നോക്കുക. ഒപ്പം ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് വലിച്ചെറിയാതെയും നോക്കുക. വീടിന് പുറത്ത് നിന്ന് എലികൾക്ക് അകത്തേക്ക് വരാൻ സാധ്യതയുള്ള ദ്വാരങ്ങൾ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ അടയ്ക്കുക. അതുപോലെതന്നെ വാതിലുകൾക്കും ജനലുകൾക്കും വിടവുകൾ ഉണ്ടെങ്കിൽ അതും അടയ്ക്കുക. 

നമ്മുടെ ശ്രദ്ധ ചെന്നെത്താൻ സാധ്യത കുറവുള്ള സ്ഥലത്തായിരിക്കും പ്രധാനമായും എലികളുടെ വാസം. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത പെട്ടികളും പേപ്പറുകളും കുപ്പികളുമൊക്കെ അപ്പപ്പോൾ നീക്കം ചെയ്യുക. ഉപയോഗശൂന്യമായ പഴയ ഗൃഹോപകരങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക.

ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും ലാസാ ഫീവര്‍; അറിയാം ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios