ഇന്ന് സ്ത്രീകളിൽ വളരെയധികം കണ്ട് വരുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിക്ക് പ്രധാന കാരണങ്ങള്‍. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡിയാണ്.

 സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്‍റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. 

ഇതിന്‍റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാക്കുന്നു. പിസിഒഡി പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ക്യത്യമായ ഡയറ്റ്...

പിഡിഒഡി പ്രശ്നമുള്ള നിർബന്ധമായും ക്യത്യമായ ഡയറ്റ് ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഡയറ്റിൽ നിർബന്ധമായും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ ഭക്ഷണം ഉള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. 

വ്യായാമം ഒഴിവാക്കരുത്...

കൃത്യമായ വ്യായാമം തീര്‍ച്ചയായും ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിസിഒഡി ബാധിച്ചവര്‍ പ്രത്യേകിച്ച്‌ വ്യായാമം മുടക്കരുത്. യോ​ഗ, എയറോബ്കിസ്, ജിം ഏത് തരം വ്യായാമം വേണമെങ്കിലും ചെയ്യാവുന്നതാണ്. പിസിഒഡി ഉള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

അമിത ഉത്കണ്ഠ പാടില്ല...

അമിത ഉത്കണ്ഠയാണ് പിസിഒ‍ഡിയുടെ പ്രധാന കാരണം. അതിനാല്‍ അമിതമായുളള ഉത്കണ്ഠ ഒഴിവാക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക.

ഫാസ്റ്റ് ഫുഡ് വേണ്ട...

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പൂര്‍ണമായി ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയും ഒഴിവാക്കുക. അതുപോലെ തന്നെ മദ്യപാനം, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.