കൊറോണയുടെ ഭീതിയിലാണ് ലോകം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസാണ് കൊവിഡ്-19. കൊറോണ വൈറസ് ശരീരത്തിൽ കയറിയാൽ 75 ശതമാനം മുകളിൽ ആൾക്കാർക്കും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ, 20 ശതമാനം പേരിൽ ന്യുമോണിയയുടെ ലക്ഷണങ്ങളിലേക്കും എത്തുന്നു.

എന്താണ് 'ന്യൂമോണിയ' എന്നും പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും 'national heart lung and blood institute' വ്യക്തമാക്കുന്നു. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് 'ന്യുമോണിയ' എന്ന് പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയയ്ക്ക് കാരണമാകുന്നത്.

 തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്ക് എത്തുന്നതാണ്  ഒട്ടുമിക്ക ന്യൂമോണിയകളുടെയും കാരണം. അണുബാധയുള്ള ആളുകളുടെ ശ്വസനം വഴി പുറംതള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയിൽ എത്തുന്നത്.

അപൂർവമായി രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്ന അണുക്കളും ശ്വാസകോശത്തിന് അടുത്തുള്ള മറ്റു ശരീര ഭാഗങ്ങളിൽ നിന്നും പടരുന്ന അണുക്കളും ന്യൂമോണിയയ്ക്കു കാരണമാവാറുണ്ട്. സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയും ഒക്കെയാണ് ന്യുമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. ന്യുമോണിയയുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് താഴേ ചേർക്കുന്നു...

1.ചുമ, കഫം
2.പനി
3. നെഞ്ചുവേദന
4.ശ്വാസതടസ്സം
5. ക്ഷീണം
6.വിശപ്പ് കുറയുക
7. തലവേദന

പ്രായത്തിന് അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം...

1.ശിശുക്കൾ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചെന്ന് വരില്ല. പക്ഷേ ചിലപ്പോൾ കു‍ഞ്ഞുങ്ങൾക്ക് ഛർദ്ദിയും ഊർജ്ജക്കുറവും അല്ലെങ്കിൽ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടോ അനുഭവപ്പെടാം. 
2. പ്രായമായ ആളുകൾക്ക് നേരിയ ലക്ഷണങ്ങളുണ്ടാകാം.സാധാരണ ശരീര താപനിലയേക്കാൾ കുറവാണ് കാണിക്കുക.

ന്യുമോണിയ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ ഉപേക്ഷിക്കാൻ ശ്രമിക്കുക. പുകവലി നിങ്ങളെ ശ്വാസകോശ സംബന്ധമായ അണുബാധകൾ, പ്രത്യേകിച്ച് ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്നു.
2. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.
3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക.
4. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്തുക. മതിയായ വിശ്രമം നേടുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. 

ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ....

1.മഴക്കാലം
2.മഞ്ഞുള്ള കാലാവസ്‌ഥ
3.പൊടി, പുക തുടങ്ങിയ അലർജികൾ
4.പുകവലി
5.മദ്യപാനം

ശ്വാസകോശ സംബന്ധിയായ മറ്റ് അസുഖങ്ങൾ മൂലം ശ്വാസകോശത്തിനുണ്ടാകുന്ന തകരാറുകൾ ന്യൂമോണിയ വേഗം പിടിപെടാൻ കാരണമാവാറുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊറോണയും ന്യുമോണിയയും...

ശ്വാസതടസ്സമാണ് കൊവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‍നം. ശ്വാസകോശത്തിലാണ് വൈറസ് ബാധിക്കുന്നത്. ശ്വാസകോശത്തിന് പുറത്ത് നിന്ന് അകത്തേക്ക് വായു എത്തുന്ന ഭാഗത്ത് ഇന്‍ഫെക്ഷന്‍ ഉണ്ടാകും. ഇത് നീര് വയ്ക്കാന്‍ ഇടയാകുന്നു. ഇത് ശ്വാസകോശത്തിന്‍റെ ഏറ്റവും കീഴ്‍ത്തട്ട് വരെയുള്ള ഭാഗങ്ങളിലേക്ക് പതിയെ വ്യാപിക്കും. സ്വാഭാവികമായും ഓക്സിജന്‍ സ്വീകരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതെ വരുന്നു. രക്തത്തിലും ഓക്സിജന്‍ ഇല്ലാതാകുന്നു. പതിയെ രോഗി മരിക്കുന്നു. - ഇങ്ങനെയാണ് കൊവിഡ്-19 കാരണം ഉണ്ടാകുന്ന ന്യുമോണിയ മരണകാരണമാകുന്നത്.

സഹിക്കാനാവാത്ത വയറുവേദന; പരിശോധനയിൽ‌ മൂത്രസഞ്ചിയിൽ നിന്ന് കണ്ടെത്തിയത് മൊബൈൽ ഫോൺ ചാർജർ കേബിൾ