കൊറോണാവൈറസ് ജീവനുള്ള കോശത്തെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഒരു സംഘം ബ്രസിലിയന്‍ ഗവേഷകര്‍. ബ്രസീലിലെ ഓസ്വാൾഡോ ക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകർ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് പകർത്തിയത്. കൊറോണാവൈറസ് എങ്ങനെയാണ് അതിന്റെ തന്നെ പകര്‍പ്പുണ്ടാക്കുന്നതെന്നും (replicate), പടരുന്നതെന്നും പഠിക്കുന്നതിനിടയിലാണ് അവര്‍ ഈ ചിത്രങ്ങള്‍ എടുത്തത്.വൈറസിന്റെ ഒന്നിലേറെ കണങ്ങള്‍ ഒരു കോശത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതും അകത്തെത്തുന്നതും കാണാം.

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കോവിഡ്–19 ന്റെ കൃത്യമായ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. “ അണുബാധയുടെ നിമിഷം പിടിച്ചെടുക്കാൻ രോഗം ബാധിച്ച കോശങ്ങളെ ലബോറട്ടറിയിലേക്ക് അയക്കുകയും, അവിടെ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിന് കീഴിൽ പരിശോധിക്കുകയാണ് ചെയ്തെന്ന് ​ഗവേഷകൻ ഡെബോറ ബാരെറ്റോ പറയുന്നു. ചിത്രത്തില്‍ കൊറോണാവൈറസ് കോശത്തിന്റെ ചര്‍മപാളിയിലേക്ക് (membrane) കടക്കാനെത്തുന്നത് കാണാം. ഇതാണ് രോഗബാധയുടെ ആദ്യ ഘട്ടം.

ഒരു കൊറോണാവൈറസ് രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും വേര്‍തിരിച്ചെടുത്ത വൈറസ് ഉപയോഗിച്ചാണ് ഈ ടെസ്റ്റ് നടത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു. പുനരുൽ‌പാദനത്തിനായി കോശങ്ങളെ ഹൈജാക്ക് ചെയ്യുന്ന പ്രക്രിയ ശ്വാസകോശത്തിൽ വീക്കം ഉണ്ടാക്കുന്നു, ഇത് രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. ഈ പ്രക്രിയ വികസിക്കുമ്പോൾ, അൽവിയോളിയിൽ ദ്രാവകം അടിഞ്ഞു കൂടാൻ തുടങ്ങുന്നു, ഇത് വരണ്ട ചുമയ്ക്ക് കാരണമാവുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്ന് ​ഗവേഷകർ പറയുന്നു.