Asianet News MalayalamAsianet News Malayalam

'പാല്‍ കഴിക്കുന്നത് അമിതമായാലും പ്രശ്‌നം'; പഠനം പറയുന്നു...

എത്ര ആരോഗ്യകരമായ ഭക്ഷണ-പാനീയങ്ങളായാലും അവ അമിതമായാല്‍ ശരീരത്തിന് നല്ലതല്ലെന്നതാണ് പൊതു തത്വം തന്നെ. പാലിന്റെ കാര്യത്തിലും അവസ്ഥ മറ്റൊന്നല്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്

excess milk consumption is not good for health says a new study
Author
Sweden, First Published Feb 1, 2021, 11:12 PM IST

പതിവായി പാല്‍ കഴിക്കുന്നത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് നമുക്കറിയാം. ചിലരില്‍ പാലും പാലുത്പന്നങ്ങളും അലര്‍ജിക്ക് ഇടയാക്കാറുണ്ട്. ഇത്തരക്കാര്‍ക്കൊഴികെ ആര്‍ക്കും പാല്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പാല്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇതിന്റെ അളവെന്നാണ് പുതിയൊരു പഠനം ഓര്‍മ്മിപ്പിക്കുന്നത്. 

എത്ര ആരോഗ്യകരമായ ഭക്ഷണ-പാനീയങ്ങളായാലും അവ അമിതമായാല്‍ ശരീരത്തിന് നല്ലതല്ലെന്നതാണ് പൊതു തത്വം തന്നെ. പാലിന്റെ കാര്യത്തിലും അവസ്ഥ മറ്റൊന്നല്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. 

ദിവസവും കഴിക്കുന്ന പാലിന്റെ അളവ് അമിതമായാല്‍ അത് എല്ലിനെ ബലപ്പെടുത്തുകയില്ലെന്ന് മാത്രമല്ല, എല്ലില്‍ പൊട്ടല്‍ സംഭവിക്കാനും ഇടയാക്കുമെന്നാണ് പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. മുമ്പ് 1997ല്‍ 'ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ സംഘടിപ്പിച്ചൊരു പഠനവും സമാനമായ നിരീക്ഷണം നടത്തിയിരുന്നു. സ്ത്രീകളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നതെന്നും രണ്ട് പഠനങ്ങളും സൂചിപ്പിക്കുന്നു. 

ദിവസവും ഒരു ഗ്ലാസ് പാല്‍ എന്നതാണ് മിതമായ അളവെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് പരമാവധി രണ്ട് ഗ്ലാസ് വരെയാകാം. ഇതില്‍ക്കൂടുതലായാല്‍ അത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഇവരും സൂചിപ്പിക്കുന്നത്. അതേസമയം ഈ ആരോഗ്യപ്രശ്‌നങ്ങളെ ഭയന്ന് ഡയറ്റില്‍ നിന്ന് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതും നന്നല്ല. പോഷകളുടെ സമ്പന്നമായ കലവറ തന്നെയാണ് പാല്‍. കാത്സ്യം, വിറ്റാമിന്‍ ബി-12, വിറ്റാമിന്‍- ഡി, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും ശരീരത്തിന് അവശ്യം വേണ്ടവ തന്നെയാണ്. 

എന്നാല്‍ പാല്‍ അധികമായാല്‍ അത് ദഹനപ്രശ്‌നങ്ങള്‍ക്കും ക്ഷീണത്തിനും ഗ്യാസ്ട്രബിളിനുമെല്ലാം ഇടയാക്കിയേക്കാം. ഇത്തരം വിഷമതകളൊഴിവാക്കാന്‍ പരിമിതമായ അളവില്‍ പാല്‍ കഴിച്ച് ശീലിക്കാം.

Also Read:- വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...

Follow Us:
Download App:
  • android
  • ios