ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരോട് നിര്‍ബന്ധമായും വ്യായാമം പതിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ഒന്നുണ്ട്, വ്യായാമത്തിന്റെ സമയം. 

കാരണം, വ്യായാമത്തിന്റെ സമയവും ഉറക്കവും തമ്മില്‍ ചില ബന്ധങ്ങളുള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് രാവിലെയോ, അതുപോലെ ഉറങ്ങുന്നതിന് അല്‍പം മുമ്പായോ എക്‌സര്‍സൈസ് ചെയ്യുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗുണകരമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഉച്ചയ്ക്ക് ശേഷം, എന്നാല്‍ ഒരുപാട് വൈകാതെ തന്നെ വ്യായാമം ചെയ്ത് തീര്‍ക്കുന്നതാണത്രേ നല്ല ഉറക്കത്തിന് ഉത്തമം. അതായത്, വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന്റെ താപനില ഉയരുന്നുണ്ട്. പിന്നീട് ഇത് പതിയെ താഴ്ന്നുവരാനുള്ള സമയവും ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഉറങ്ങാനുള്ള സമയമാകുമ്പോഴേക്ക് ശരീരം വിശ്രമിക്കാന്‍ തയ്യാറായി വരുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. 

വ്യായാമം രാവിലെ നേരത്തേ കഴിച്ചുവയ്ക്കുന്നവരില്‍ ശാരീരികമായ ഗുണങ്ങള്‍ കാണുമെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ അത്ര സ്വാധീനം ചെലുത്താനാകില്ലത്രേ. അതുപോലെ ഒരുപാട് വൈകി വ്യായാമം ചെയ്യുന്നവരിലാണെങ്കില്‍ വ്യായാമത്തിന്റെ ക്ഷീണത്തില്‍ മയങ്ങുന്നതും അത്ര നല്ലതല്ലെന്നാണ് വിദഗ്ധാഭിപ്രായം. 

അതേസമയം രാവിലെ വ്യായാമം പതിവാക്കിയവരാണെങ്കില്‍, അവര്‍ ഉറക്ക പ്രശ്‌നവും നേരിടുന്നുണ്ടെങ്കില്‍ കിടക്കാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പായി 'ലൈറ്റ്' ആയ വ്യായാമമുറകള്‍ പരിശീലിക്കുകയും ആവാം. ദിവസത്തിലേതെങ്കിലും സമയത്ത് വ്യായാമം തീര്‍ത്തുവയ്ക്കാമെന്ന് കരുതുന്നവരും നിരവധിയാണ്. എന്നാല്‍ ഈ ശീലവും അത്ര നല്ലതല്ല. ബയോളജിക്കല്‍ ക്ലോക്ക്, അഥവാ ശരീത്തിന്റെ പതിവിന് അനുസരിച്ച് വ്യായാമവും ക്രമീകരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കില്‍ മാത്രമാണ് ഇതിന്റെ മുഴുവന്‍ ഗുണങ്ങളും ലഭിക്കുകയുള്ളൂവെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- 6 മാസത്തിന് ശേഷവും കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉറങ്ങുന്നില്ലേ?...