കൊവിഡ് ബാധിച്ചവരില്‍ ഒരു വിഭാഗം പേരില്‍ ഹൃദയത്തിലെ ഞരമ്പുകളില്‍ വീക്കം വരുന്നതായാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതും പ്രായഭേദമില്ലാതെ കണ്ടുവരുന്നൊരു ട്രെൻഡായിട്ടാണ് ഇവര്‍ മനസിലാക്കുന്നത്.

കൊവിഡ് 19 മഹാമാരിക്ക് ശേഷം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുന്നൊരു കാഴ്ച ഇന്ന് കാണാനാകും. ഇതിനിടെ പലപ്പോഴായി ചര്‍ച്ചയില്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നൊരു വിഷയമാണ് കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും. കൊവിഡ് 19 ബാധിച്ച പലരിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുന്നു, അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിക്കുന്നു എന്ന തരത്തിലുള്ള ആശങ്ക മഹാമാരി വന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോഴും വ്യക്തതകള്‍ വരാനുണ്ട്.

എന്നിരിക്കിലും ഒളിഞ്ഞും തെളിഞ്ഞും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധരൊക്കെ തന്നെ കൊവിഡ് 19 ഹൃദയത്തെ ബാധിക്കുന്നുണ്ട്, അതും ചെറുപ്പക്കാരില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണിക്കുന്നു എന്നും പറയുന്നുണ്ട്. 

ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരില്‍ ഒരു വിഭാഗം പേരില്‍ ഹൃദയത്തിലെ ഞരമ്പുകളില്‍ വീക്കം വരുന്നതായാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതും പ്രായഭേദമില്ലാതെ കണ്ടുവരുന്നൊരു ട്രെൻഡായിട്ടാണ് ഇവര്‍ മനസിലാക്കുന്നത്.

'മുമ്പത്തേ പോലല്ല. മുമ്പൊക്കെ പ്രായമായവരിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അധികവും കാണുക. എന്നാലിപ്പോള്‍ ചെറുപ്പക്കാരില്‍ തന്നെ ഇത് കാര്യമായി കാണുന്നുണ്ട്. ആശങ്കപ്പെടുത്തുന്നതാണ് ഈ അവസ്ഥ. കൊവിഡ് വൈറസ് പലരിലും ഹൃദയത്തിലെയോ തലച്ചോറിലെയോ ഞരമ്പുകളില്‍ വീക്കം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പല തോതിലും തീവ്രതയിലുമൊക്കെയാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് ഇത് ബാധിക്കപ്പെടുകയാണ്...'- കാണ്‍പൂരില്‍ നിന്നുള്ള പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. രാകേഷ് വര്‍മ പറയുന്നു. 

പ്രത്യേകിച്ച് തണുപ്പുകാലം കൂടിയായപ്പോള്‍ ഇങ്ങനെയുള്ള കേസുകള്‍ വല്ലാതെ കൂടിയെന്നാണ് ഡോ. രാകേഷ് പറയുന്നത്. സ്വതവേ തന്നെ ഹൃദയത്തിലെയോ തലച്ചോറിലെയോ എല്ലാം ഞരമ്പുകള്‍ നേരിയതായിരിക്കുമത്രേ. ഇതിന് പുറമെ തണുപ്പുകാലമാകുമ്പോള്‍ അന്തരീക്ഷ താപനില താഴുന്നതിനെ പിന്നാലെ വീണ്ടും ഞരമ്പുകള്‍ ചുരുങ്ങുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണെന്ന് ഡോക്ടര്‍ പറയുന്നു.

ബിപി, പ്രമേഹം, കൊളസ്ട്രോള്‍, നേരത്തേ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ എന്നിവരാണെങ്കില്‍ ഇത്തരത്തിലുള്ള വെല്ലുവിളിക്ക് കൂടുതല്‍ ഇരയാകാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

നിലവില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, സ്ട്രെസ് എന്നീ കാര്യങ്ങളാണ് രംഗം കൂടുതല്‍ വഷളാക്കുന്നത് എന്നാണ് ഡോ. രാകേഷിന്‍റെ അഭിപ്രായം. ഇക്കാര്യം കൂടി യുവാക്കളെ ഓര്‍മ്മപ്പെടുത്തുകയാണ് ഇദ്ദേഹം. 

അതേസമയം കൊവിഡ് 19 ഹൃദയാഘാതം അടക്കമുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ലെന്നാണ് ഗവേഷകര്‍ ഇതുവരേക്കും വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ആരോഗ്യമേഖലയില്‍ നിന്ന് പലപ്പോഴും വരുന്നത്. 

Also Read:- 'രാവിലെ ഒമ്പതിന് ശേഷം ബ്രേക്ക്ഫാസ്റ്റും രാത്രി 9ന് ശേഷം അത്താഴവും കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo