ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യമാണ് 'ഡെങ്കിപ്പനി'യുടെ കാര്യത്തില്‍ സിംഗപ്പൂര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ സിംഗപ്പൂരില്‍ 'ഡെങ്കു' കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ഇതുവരെ മാത്രം 14,000ത്തിലധികം 'ഡെങ്കു' കേസുകളാണേ്രത സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 16 മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സിംഗപ്പൂരിലെ അവസ്ഥ മാത്രമല്ല മിക്ക ഏഷ്യന്‍ രാജ്യങ്ങളിലേയും അവസ്ഥ, വരും സീസണുകളില്‍ മോശമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ഡെങ്കിപ്പനിയുടെ കാര്യത്തില്‍ ലോകത്താകമാനം വമ്പന്‍ വര്‍ധനവാണ് സമീപവര്‍ഷങ്ങളിലുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം 10 മുതല്‍ 40 കോടി വരെ 'ഡെങ്കു' കേസുകളാണേ്രത ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതും ലോകാരോഗ്യ സംഘടനയുടെ കണക്ക് തന്നെ. അതായത് ആകെയുള്ള ജനസംഖ്യയുടെ പകുതി പേരും 'ഡെങ്കു റിസ്‌ക്' നേരിടുന്നുവെന്ന് സാരം.

'ഡെങ്കു', 'സിക', 'ചിക്കുന്‍ ഗുനിയ', 'മഞ്ഞപ്പനി' എന്നീ രോഗങ്ങള്‍ പരത്തുന്നത് 'ഈഡിസ്' വിഭാഗത്തില്‍ പെണ്‍കൊതുകുകളാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ കൊതുകുകള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂല സാഹചര്യം വര്‍ധിച്ചുവരികയാണത്രേ. ഇതിന് പുറമെ ഏഷ്യന്‍ രാജ്യങ്ങളിലെ നഗരവത്കരണവും ഇവയ്ക്ക് യോജിച്ച ആവാസവ്യവസ്ഥ ഒരുക്കുന്നുവെന്ന് വിദഗ്ധര്‍ വാദിക്കുന്നു. 

ഏതെങ്കിലും തരത്തില്‍ ഫലപ്രദമായ പ്രതിരോധമൊരുക്കിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന വലിയ ഭീഷണി 'ഡെങ്കിപ്പനി' ആയിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണാതീതമായി രോഗം പടരുന്ന സാഹചര്യത്തില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാന്‍ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല, അതിനാല്‍ അത്തരം മോശമായ അവസ്ഥയിലെത്തും മുമ്പ് തന്നെ വിഷയത്തില്‍ കൃത്യമായ നയങ്ങളെടുക്കാന്‍ ഓരോ രാജ്യങ്ങള്‍ക്കും കഴിയണമെന്നാണ് ഇവര്‍ നല്‍കുന്ന നിര്‍ദേശം.

Also Read:- വീട്ടിൽ കൊതുക് വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ...