ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ യുവാക്കളുടെ 'ഐക്കണ്‍' ആയി മാറിയ ഒരു കാലമുണ്ടായിരുന്നു. കാഴ്ചയ്ക്കുള്ള സൗന്ദര്യവും അഭിനയ പാടവവുമെല്ലാം ഹൃത്വിക്കിന് പ്ലസ് മാര്‍ക്കുകളായപ്പോള്‍ ഒരു കാര്യം മാത്രം അദ്ദേഹത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടു. വലതുകയ്യിലെ തള്ളവിരലിനൊപ്പമുള്ള 'എക്‌സ്ട്രാ' വിരല്‍. 

കയ്യിലോ കാലിലോ ആകട്ടെ, അധിക വിരലുള്ള ആളുകളെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളും നമ്മള്‍ കേട്ടിട്ടുണ്ടാകാം. ചിലര്‍ പറയാറുണ്ട് ഇത് ഭാഗ്യമാണ്, കുടുംബത്തില്‍ ഐശ്വര്യം വന്നേക്കാമെന്നെല്ലാം. മറ്റ് ചിലരാണെങ്കില്‍ ഇത് ശാപമാണെന്നും വാദിക്കുന്നു. സത്യത്തില്‍ എന്താണ് അധിക വിരലുകള്‍ക്ക് പിന്നിലെ രഹസ്യം?

കൃത്യമായും ജൈവികമായ ഒരു ശാരീരികാവസ്ഥ മാത്രമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'Polydactyly' എന്ന 'മെഡിക്കല്‍ കണ്ടീഷന്‍' ആണിതെന്നും ഇതിന് പിന്നില്‍ മറ്റ് വിഷയങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഇവര്‍ വിശദീകരിക്കുന്നു. 

ഒരു ജനിതക സവിശേഷതയായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ പറയുന്നത്. മിക്കവാറും പാരമ്പര്യഘടകങ്ങള്‍ ആണ് ഇത്തരമൊരു സവിശേഷതയ്ക്ക് കാരണമാകുന്നത്. പല തരത്തിലാണ് അധിക വിരലുകള്‍ വരാറ്. മിക്കവാറും തള്ള വിരലിനോ ചെറുവിരലിനോ ഒപ്പമായിരിക്കും ഇതുണ്ടാകുന്നത്. എല്ലുകളില്ലാതെ മാംസം മാത്രമായിട്ടുള്ള, വിരലിന്റെ പൂര്‍ണ്ണരൂപം പോലുമില്ലാത്തവയാകാം. അതല്ലാത്ത കേസുകളില്‍ സാധാരണ വിരല്‍ പോലെ തന്നെ, എല്ലുകളും ഏപ്പുകളുമെല്ലാമുള്ള പൂര്‍ണ്ണമായ അധിക വിരലാകാം. 

ഏതവസ്ഥയാണെങ്കിലും ശാരീരികമായ സങ്കീര്‍ണ്ണതകളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാത്തിടത്തോളം അത് മുറിച്ചുമാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല, ചില അവസരങ്ങളിലെങ്കിലും ഇത്തരം ശസ്ത്രക്രിയകള്‍ മറ്റ് വിരലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസരങ്ങളുമുണ്ടാകാം. അധിക വിരലുണ്ടായിരിക്കുന്നത് ഒരു 'വൈകല്യം' ആയി ഒരിക്കലും കാണരുതെന്നും, അത്തരത്തില്‍ സൂചനകള്‍ നല്‍കുന്ന അഭിപ്രായങ്ങളെ കണക്കിലെടുക്കരുതെന്നും ഇതോടൊപ്പം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.