നമ്മുടെ ഹൃദയം അടക്കം പല അവയവങ്ങളെയും ഈ കഠിനമായി ഡയറ്റ് ബാധിക്കാം. പെട്ടെന്ന് വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ്- ഫാറ്റ്  എന്നിങ്ങനെയുള്ള 'മാക്രോന്യൂട്രിയന്‍റ്സ്' വല്ലാതെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്

വണ്ണം കുറയ്കുകയെന്നത് ഒട്ടും നിസാരമായ സംഗതിയല്ല. ഇതിന് കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം ആവശ്യമാണ്. പ്രത്യേകിച്ച് അധികം വണ്ണമുള്ളവരെ സംബന്ധിച്ച്. എന്നാല്‍ ചിലരുണ്ട്, വണ്ണം പെട്ടെന്ന് കുറഞ്ഞുകിട്ടാൻ വേണ്ടി 'കഠിനം' എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഡയറ്റിലേക്ക് പോകുന്നവര്‍. ഈ പരിപാടി ആരോഗ്യത്തിന് ഇത്തരി 'പണി'യാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

നമ്മുടെ ഹൃദയം അടക്കം പല അവയവങ്ങളെയും ഈ കഠിനമായി ഡയറ്റ് ബാധിക്കാം. പെട്ടെന്ന് വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ്- ഫാറ്റ് എന്നിങ്ങനെയുള്ള 'മാക്രോന്യൂട്രിയന്‍റ്സ്' വല്ലാതെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇതാണ് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്. 

ഫാറ്റ് കൂടുതലും കാര്‍ബ് കുറഞ്ഞതുമെന്ന രീതിയിലുള്ള ഡയറ്റ് ആണെങ്കില്‍- ഉദാഹരണത്തിന് കീറ്റോജെനിക് ഡയറ്റ്- രക്തത്തിലെ യൂറിക് ആഡിസ് ലെവല്‍ ഉയര്‍ത്തും. ഇത് പതിയെ ഹൃദയത്തെ ആണ് പ്രശ്നത്തിലാക്കുക. 

അതുപോലെ തന്നെ ഉയര്‍ന്ന കൊഴുപ്പും, കുറഞ്ഞ കാര്‍ബും എന്നിങ്ങനെയുള്ള ഡയറ്റ് രീതി കരളിന്‍റെ ആരോഗ്യത്തെയും ചിലരില്‍ ദോഷകരമായി ബാധിക്കാം. കരള്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനും പിന്നീട് പതിയെ കരള്‍ ബാധിക്കപ്പെടുന്നതിനുമെല്ലാം ഇത് കാരണമായി മാറാം. 

എല്ലുകളുടെ ആരോഗ്യത്തെയും ചിലരുടെ ഡയറ്റ് ദോഷകരമായി ബാധിക്കാറുണ്ട്. ഇറച്ചിയും മാംസാഹാരവും കൂടുതലും പഴങ്ങളും പച്ചക്കറികളും കുറവുമായിട്ടുള്ള ഡയറ്റാണെങ്കില്‍ ആണ് എല്ലുകളുടെ ആരോഗ്യം ഏറെ ബാധിക്കപ്പെടുക. പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് അധികവും ഇങ്ങനെയുള്ള ഡയറ്റ് രീതി തെരഞ്ഞെടുക്കാറ്. 

കലോറി തീരെ കുറച്ചുകൊണ്ടുള്ള ഡയറ്റ് ചിലരില്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. ദിവസത്തില്‍ 800 കിലോ കലോറിയില്‍ കുറവ് ലഭ്യമാകുന്ന ഡയറ്റാണ് ഈ വെല്ലുവിളി ഉയര്‍ത്തുന്നത്. 

കാര്‍ബ് കുറഞ്ഞ ഡയറ്റ് ചിലരില്‍ ക്യാൻസര്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഫൈബറുമെല്ലാം കുറയുന്നതിന്‍റെ ഭാഗമായാണ് ഈ ഡയറ്റ് ക്യാൻസര്‍ സാധ്യത ഉയര്‍ത്തുന്നത്.

എന്തായാലും പെട്ടെന്ന് വണ്ണം കുറയുന്നതിനായി കഠിനമായ ഡയറ്റിലേക്ക് കടക്കും മുമ്പ് ഒന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നത് എപ്പോഴും നല്ലതാണ്. നിങ്ങളുടെ ആരോഗ്യാവസ്ഥയും മറ്റും അടിസ്ഥാനപ്പെടുത്തി ഡയറ്റ് നിര്‍ണയിക്കുന്നതാണ് ഉചിതം. അല്ലാത്തപക്ഷം വണ്ണം കുറയ്ക്കാൻ സാധിക്കും, എന്നാല്‍ ആരോഗ്യം പ്രശ്നത്തിലാകുന്ന അവസ്ഥയുണ്ടാകാം. 

Also Read:- മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo