കൊവിഡ് 19 ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞ സമയം തൊട്ട് തന്നെ ഉയര്‍ന്ന ഏറ്റവും സുപ്രധാനമായ ചോദ്യങ്ങളിലൊന്ന്, ഇത് ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുമോയെന്നതായിരുന്നു. ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് എല്ലാ സാഹചര്യത്തിലും കൊവിഡ് പകരണമെന്നില്ലെന്നും അതേസമയം സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നുമായരുന്നു ആദ്യമാസങ്ങളില്‍ വന്ന പഠനങ്ങള്‍ നല്‍കിയ സൂചന. 

അതേസമയം, കൊവിഡ് നാശം വിതച്ച് മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ വിഷയം സംബന്ധിച്ച് വീണ്ടും ചില പുതിയ പഠനറിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നിരുന്നു. ഇതനുസരിച്ച് ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യതകള്‍ തന്നെയാണ് കൂടുതലെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. 

ഇതിനിടെ കേരളമുള്‍പ്പെടെ പലയിടങ്ങളിലായി അമ്മ കൊവിഡ് പോസിറ്റീവായ കേസുകളില്‍ നവജീതശിശുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. വിവിധയിടങ്ങളില്‍ ദിവസങ്ങളും മാസങ്ങളും പ്രായമായ കുഞ്ഞുങ്ങള്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നും സമാനമായൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. അഗര്‍ത്തലയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു.

അഗര്‍ത്തല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ചയാണ് കൊവിഡ് പൊസിറ്റീവായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയ്ക്ക് രോഗമുള്ളതിനാല്‍ തന്നെ കുഞ്ഞിന്റെ സാമ്പിളും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതോടെ കുഞ്ഞിനും കൊവിഡാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ ശനിയാഴ്ച തന്നെ കുഞ്ഞ് രോഗം മൂലം മരിക്കുകയായിരുന്നു. 

 

 

പഠനങ്ങള്‍ സത്യമാകുമ്പോള്‍...

ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നും, നവജാത ശിശുക്കളെ സംബന്ധിച്ച് കൊവിഡ് അതിജീവനം ശ്രമകരമാണെന്നും ചൂണ്ടിക്കാട്ടിയ പഠനങ്ങളെ ശരിവയ്ക്കുന്നതാണ് ത്രിപുരയിലെ കുഞ്ഞിന്റേതുള്‍പ്പെടെ പല സ്ഥലങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നവജാതശിശുക്കളുടെ കൊവിഡ് മരണം. 

മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് നവജാത ശിശുക്കളില്‍ വളരെ കുറവാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ കൊവിഡ് മൂലമുണ്ടാകുന്ന വിഷമതകളെ മറികടക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞെന്ന് വരില്ല. 

ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്...

ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വീട്ടില്‍ കഴിയുന്ന സമയം സുരക്ഷിതമായിരിക്കുക. പുറത്തുനിന്നുള്ളവരുമായി സമ്പര്‍ക്കത്തിലാകാതിരിക്കുക. കൂടെയുള്ളവരും പുറത്തുള്ളവരുമായി അധികം സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ കരുതേണ്ടതുണ്ട്. 

 

 

ആശുപത്രിയില്‍ ചെക്കപ്പിനോ മറ്റോ പോകേണ്ടതായ സാഹചര്യമുണ്ടായാല്‍ അത് മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങളോടെ മാത്രമേ ആകാവൂ. ഒപ്പം തന്നെ മറ്റുള്ളവരുമായി സാമൂഹികാകലം പാലിക്കാനും എപ്പോഴും ശ്രദ്ധിക്കുക. കൊവിഡ് കാലത്ത് കഴിയുന്നതും ഗര്‍ഭധാരണം ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഗര്‍ഭിണിയാകുന്നത് അമ്മയുടേതിനെക്കാള്‍ ഏറെ കുഞ്ഞിന്റെ ജീവന് വലിയ ഭീഷണിയാണ് ഉയര്‍ത്തുകയെന്നും അതിനാലാണ് ഗര്‍ഭധാരണം ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Also Read:- കൊവിഡ് 19 ഗര്‍ഭിണികളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുമോ? പുതിയ പഠനം...