തന്‍റെ ചർ‌മ്മ പരിപാലനത്തെക്കുറിച്ച് സെലീന പങ്കുവച്ച വീ‍ഡിയോക്ക് താഴെയാണ് ചോദ്യം വന്നത്. എന്തുകൊണ്ടാണ് സെലീനയുടെ കൈകൾ ഇങ്ങനെ വിറയ്ക്കുന്നത് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

നിരവധി ആരാധകരുള്ള താരമാണ് അമേരിക്കൻ നടിയും ​ഗായികയുമായ സെലീന ​ഗോമസ്. വിഷാദരോ​ഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോ​ഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ബോഡി പോസിറ്റിവിറ്റിയുടെ സന്ദേശം ലോകത്തിന് മുമ്പില്‍ എത്തിക്കാനും താരം മുന്നേട്ടു വന്നിട്ടുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ സെലീന പങ്കുവച്ച ഒരു വീഡിയോക്ക് താഴെ ഒരാൾ പങ്കുവച്ച കമന്റും അതിന് സെലീന നൽകിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തന്‍റെ ചർ‌മ്മ പരിപാലനത്തെക്കുറിച്ച് സെലീന പങ്കുവച്ച വീ‍ഡിയോക്ക് താഴെയാണ് ചോദ്യം വന്നത്. എന്തുകൊണ്ടാണ് സെലീനയുടെ കൈകൾ ഇങ്ങനെ വിറയ്ക്കുന്നത് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ലൂപസ് രോ​ഗത്തിനുള്ള മരുന്നു കഴിക്കുന്നതുകൊണ്ടാണ് തനിക്ക് വിറയൽ അനുഭവപ്പെടുന്നത് എന്നാണ് സെലീന മറുപടി നല്‍കിയത്. 2014ലാണ് സെലീനയ്ക്ക് ലൂപസ് രോ​ഗം സ്ഥിരീകരിച്ചത്. 2017-ൽ രോ​ഗത്തിന്റെ ഫലമായി വൃക്കയ്ക്ക് തകരാർ വന്നതോടെ സെലീനയുടെ ആത്മാർ‌ഥ സുഹൃത്തായ ഫ്രാൻസിയ റെയ്സാണ് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്.
നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിന്‍റെ മുന്‍ കാമുകി കൂടിയായിരുന്നു സെലീന ഗോമസ്.

Scroll to load tweet…

എന്താണ് ലൂപസ് രോഗം?

ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും അത് സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപസ് രോഗം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ത്വക്ക്, സന്ധികൾ, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികൾ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും രോ​ഗം ബാധിക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ് ഈ രോഗലക്ഷണം പ്രകടമാകുന്നത്. ലക്ഷണങ്ങള്‍ വളരെ സാധാരണമായതു കൊണ്ടുതന്നെ ലൂപസ് രോഗം തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

ലൂപസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍...

എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ആറുമാസം വരെ നീണ്ടു നില്‍ക്കാവുന്ന വിട്ടുമാറാത്ത പനി, സന്ധിവേദന, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്.

തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, മുഖത്ത് കവളിലും മൂക്കിലുമായി ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ചുവന്ന പാടുകള്‍ ഒപ്പം വെയില്‍ അടിക്കുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമായി വരാം, വായിലുണ്ടാകുന്ന വ്രണങ്ങള്‍, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപസ് രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.

Also Read: 'നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം'; വികാരാധീനനായി നിക് ജൊനാസ്