പല തരത്തിലുളള ഭയങ്ങള്‍ മനുഷ്യരില്‍ കാണാറുണ്ട്. ഇത്തരം ഭയങ്ങള്‍ എല്ലാം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഇവിടെയൊരു യുവതിയുടെ രോഗവും ഇതുമായി ബന്ധപ്പെട്ടതാണ്. മറ്റുളളവര്‍ ഛര്‍ദ്ദിക്കുന്നത് കാണുന്നത് പോലും ഇരുപത്തിരണ്ടുകാരിയായ സെയിന്‍ മക്ലീന് ഭയമാണ്. 'Emetophobia' എന്ന  ഉല്‍കണ്‌ഠ ആണ് സെയിനിന്‍റെ ഈ അവസ്ഥയ്ക്ക് കാരണം. 

ഈ അമിത ഭയം സെയിനിനെ ആശുപത്രി കിടക്ക വരയെത്തിച്ചു. ഭയത്തില്‍ നിന്ന് തുടങ്ങിയത് പിന്നീട് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങള്‍ വരെ സെയിനിലുണ്ടായി. അസുഖങ്ങളോടുളള ഭയമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇതുമൂലം താന്‍ വീടിന് പുറത്തേക്ക് പോലും പോകാതായി എന്നും സെയിന്‍ പറയുന്നു. 

ആറ് വയസ്സുളളപ്പോള്‍ ഛര്‍ദ്ദില്‍ പേടിയിലൂടെയാണ് സെയിനിന് ആദ്യമായി ഈ ലക്ഷണം വന്നത്. പിന്നീട് ആ പേടി കൂടികൊണ്ടുവന്നു. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മറ്റ് കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുളള അസുഖങ്ങള്‍ വരുമ്പോള്‍ പോലും സെയിന്‍ ആദ്യമേ വീട്ടിലേക്ക് മടങ്ങുമായിരുന്നു. അത്ര ഭയമായിരുന്നു സെയിനിന്.

 

 

ആദ്യ കാലത്ത് വയറും മറ്റ് പരിശോധനകളുമൊക്കെ നടത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഇത് ഫോബിയയാണെന്ന്.  ഉല്‍കണ്‌ഠയ്ക്കുളള പല മരുന്നുകള്‍ കഴിച്ചിട്ടും ഒരു ഫലവും കണ്ടില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് സെയിനിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

ഈ രോഗം കാരണം തന്‍റെ ജോലി വരെ പോയെന്നും സെയിന്‍ പറയുന്നു. ഇപ്പോഴും ഇതില്‍ നിന്നും മുക്തി നേടാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി സെയിന്‍ പറയുന്നു. ഇതിനു വേണ്ടി  ആളുകളുടെ അസുഖങ്ങള്‍ സൂചിപ്പിക്കുന്ന  വീഡിയോകള്‍ യൂട്യൂബിലൂടെ കാണാന്‍ സെയിന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.