നെന്മേനി പഞ്ചായത്തിന്റെ പേരിലുള്ളതാണ് ബോര്‍ഡ്. ഇത് എപ്പോള്‍ സ്ഥാപിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ബോര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയായിരുന്നു. അതോടെ ബോര്‍ഡിലെ വാചകത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു
കൊതുക് നിവാരണത്തിന് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം. നെന്മേനി പഞ്ചായത്തിന്റെ പേരിലുള്ളതാണ് ബോര്‍ഡ്. ഇത് എപ്പോള്‍ സ്ഥാപിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ ബോര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയായിരുന്നു. അതോടെ ബോര്‍ഡിലെ വാചകത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു. 'ഇവള്‍ ജനിച്ചാല്‍ നാം നശിക്കും' എന്ന വാചകം സ്ത്രീവിരുദ്ധതയെ കടത്തിവിടുന്നതാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അതേസമയം പെണ്‍കൊതുകുകളാണ് രോഗകാരികളെന്നതിനാല്‍, ഈ വാചകത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.
കൊതുകുകള്‍ പെറ്റുപെരുകുന്നതിന് ഇടയാക്കുന്ന ചില സാഹചര്യങ്ങളുടെ ചിത്രവും ബോര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ വേണ്ടത് ചെയ്യണമെന്ന ബോധവത്കരണമാണ് ബോര്‍ഡിലൂടെ ഉയര്‍ത്തുന്നത്.
അപകടകാരികള്‍ പെണ്‍കൊതുകോ? അതോ ആണ്‍കൊതുകോ?
ഘടനയിലും വലിപ്പത്തിലും ശബ്ദത്തിലും ജീവിതരീതികളിലുമെല്ലാം ആണ്‍കൊതുകും പെണ്‍കൊതുകും രണ്ട് തരത്തില്‍ തന്നെയാണുള്ളത്. ആണ്‍കൊതുകുകള്‍ പെണ്‍കൊതുകുകളേക്കാള്‍ ചെറുതായിരിക്കും. അവരുടെ ശബ്ദവും അങ്ങനെ തന്നെ. സാധാരണഗതിയില്‍ നമ്മുടെ ചെവിക്ക് ചുറ്റും ഉച്ചത്തില്‍ മൂളിനടക്കുന്നത് പെണ്‍കൊതുകുകളാണ്.

ആയുസിന്റെ കാര്യത്തില്‍പ്പോലും ആണ്‍കൊതുകുകളും പെണ്‍കൊതുകുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒന്നോ രണ്ടോ ആഴ്ചയാണ് ആണ്‍ കൊതുകിന്റെ ആയുര്‍ദൈര്‍ഘ്യമെങ്കില്‍ പെണ്‍കൊതുകിന്റേത് രണ്ട് മുതല്‍ നാലാഴ്ച വരെയുള്ള സമയമാണ്.
ഇനി ഇവരിലാരാണ് ഏറ്റവും അപകടകാരിയെന്ന് ചോദിച്ചാല്‍ നിസംശയം പറയേണ്ടിവരും, അത് പെണ്‍കൊതുകുകള്‍ തന്നെയാണ്. കാരണം പ്രത്യുത്പാദനത്തിന്റെ ഭാഗമായി, മനുഷ്യരക്തം കഴിക്കുന്നത് പെണ്‍കൊതുകുകളാണ്. ആണ്‍ കൊതുകുകള്‍ സാധാരണഗതിയില്‍ മനുഷ്യരുടെ ചുറ്റുവട്ടത്ത് കാണപ്പെടാറില്ല. അവര്‍ പ്രകൃതിയില്‍ നിന്നാണ് ഭക്ഷണം തേടുന്നത്.
മലേറിയ, മഞ്ഞപ്പനി, എന്‍സെഫലൈറ്റിസ് തുടങ്ങി ഒരുപിടി ഗൗരവമുള്ള രോഗങ്ങളാണ് കൊതുകുകള്‍ പടര്‍ത്തുക. ഇത് പെണ്‍ കൊതുകുകളിലൂടെയാണ് നമ്മളിലേക്ക് പകരുന്നതും. മാത്രമല്ല, കൊതുകുകള്‍ പെരുകുന്നതും പെണ്‍കൊതുകുകളിലൂടെയാണ്. അതിനാല്‍, പെണ്‍കൊതുകുകളെ തന്നെയാണ് മനുഷ്യര്‍ ഭയപ്പെടേണ്ടത്. എന്നാല്‍ കൊതുക് നിവാരണത്തിന്റെ കാര്യം വരുമ്പോള്‍ വളരെ പൊതുവായ ചില രീതികള്‍ തന്നെയേ കൊതുകുകളെ തുരത്താന്‍ ചെയ്യാനാകൂ. ഇതില്‍ പെണ്‍കൊതുകിനെ മാത്രം തിരഞ്ഞുപിടിച്ച് തുരത്തുകയും സാധ്യമല്ലല്ലോ!
