പ്രമേഹമുള്ളവര്‍ക്ക് നമുക്കറിയാം, പ്രധാനമായും ഡയറ്റിലുള്ള നിയന്ത്രണങ്ങളാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാതിരിക്കാന്‍ ഭക്ഷണം തന്നെയാണ് കാര്യമായി നിയന്ത്രിക്കുന്നത്. ഇതിന് പുറമെ മാത്രമാണ് ഇന്‍സുലിന്‍ ചികിത്സ വരുന്നത്. 

പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏറെയാണ്. ഇതിനോടൊപ്പം തന്നെ ചിലയിനം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രമേഹമുള്ളവര്‍ കഴിക്കുകയും വേണം. കേട്ടിട്ടില്ലേ, ഷുഗറുള്ളവര്‍ പാവയ്ക്കാ ജ്യൂസ് കഴിക്കണമെന്ന് പറയുന്നത്. ഇത് പോലെ തന്നെ നിങ്ങളില്‍ പലരും കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒന്നാണ് പ്രമേഹരോഗികള്‍ ഉലുവ കഴിക്കണമെന്ന് പറയുന്നതും. 

യഥാര്‍ത്ഥത്തില്‍ പ്രമേഹമുള്ളവര്‍ ഉലുവ കഴിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും വെയിറ്റ് മാനേജ്‌മെന്റ് വിദഗ്ധയുമായ ഡോ. അഞ്ജു സൂദ് പറയുന്നത്. രക്തത്തിലെ ഷുഗര്‍ അളവ് നിയന്ത്രണത്തിലാക്കാന്‍ ഉലുവ പോലെ പ്രകൃതിദത്തമായി സഹായിക്കുന്ന മറ്റൊരു ഘടകമില്ലെന്നാണ് ഡോ. അഞ്ജു ചൂണ്ടിക്കാട്ടുന്നത്. 

ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ ഇത് അരിച്ചെടുത്ത് വെറുംവയറ്റില്‍ ആ വെള്ളം കുടിക്കുന്നതാണത്രേ ഏറ്റവും ഉത്തമം. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കാനാണത്രേ ഉലുവ പ്രധാനമായും സഹായിക്കുന്നത്. അതുപോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഷുഗറിനെ സ്വീകരിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും ഉലുവ സഹായിക്കുമത്രേ.

ഈ രണ്ട് കാരണങ്ങളാണ് പ്രമേഹ രോഗികള്‍ ഉലുവ കഴിക്കണമെന്ന് പറയുന്നതിന് പിന്നിലുള്ളത്. ചിലര്‍ ഉലുവ മുളപ്പിച്ചും കഴിക്കാറുണ്ട്. എന്നാല്‍ ഉലുവ വെള്ളം തന്നെയാണ് കുറെക്കൂടി സ്വീകാര്യമായ രീതി. ഇത് പതിവായി ചെയ്താല്‍ ക്രമേണ പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ഒപ്പം തന്നെ മറ്റ് ഡയറ്റ് നിയന്ത്രണങ്ങളും വര്‍ക്കൗട്ടുമെല്ലാം പാലിക്കുകയും വേണം.

Also Read:- പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...