നിലവില്‍ സ്ത്രീകളിലെ ആയാലും പുരുഷന്മാരിലെ ആയാലും വന്ധ്യത കേസുകള്‍ കൂടിവരുന്നതായാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും മോശമായ ജീവിതശൈലികള്‍ തന്നെയാണ് ഇതിന് പിന്നില്‍ കാരണമായി വരുന്നതെന്ന് ഡോക്ടര്‍മാരും വിശദീകരിക്കുന്നു.
വന്ധ്യതയെന്നത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ബാധിക്കുന്ന അവസ്ഥ തന്നെയാണ്. ധാരാളം കുടുംബങ്ങളില്‍ വന്ധ്യത ഒരു വലിയ പ്രശ്നവും നിരാശയുമെല്ലാം ആയി മാറിയിട്ടുണ്ട്. ഇന്ന് വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കില്‍ കൂടിയും പലര്‍ക്കും ആ ചികിത്സ നേടാനുള്ള സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങളുണ്ടാകണമെന്നില്ല.
നിലവില്‍ സ്ത്രീകളിലെ ആയാലും പുരുഷന്മാരിലെ ആയാലും വന്ധ്യത കേസുകള്‍ കൂടിവരുന്നതായാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും മോശമായ ജീവിതശൈലികള്‍ തന്നെയാണ് ഇതിന് പിന്നില്‍ കാരണമായി വരുന്നതെന്ന് ഡോക്ടര്‍മാരും വിശദീകരിക്കുന്നു. എന്നാല്‍ ജീവിതശൈലികളിലെ പിഴവ് കൊണ്ട് മാത്രമല്ല വന്ധ്യത പിടിപെടുന്നത് എന്നതും മനസിലാക്കേണ്ടതാണ്. വന്ധ്യതയുടെ പേരില്‍ വ്യക്തികളെ കുറ്റപ്പെടുത്തുന്നതോ ക്രൂശിക്കുന്നതോ എല്ലാം അപരിഷ്കൃതമായ മാനസികാവസ്ഥയാണ്. ഒരിക്കലും അത് അംഗീകരിക്കാവുന്നതുമല്ല.
ഏതായാലും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമായി വരുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. വന്ധ്യത പിടിപെടാനുള്ള സാധ്യതയെ കുറയ്ക്കാൻ ഇത്തരത്തിലുള്ള അറിവുകള്‍ സഹായിക്കാം. എന്നാല്‍ പൂര്‍ണമായും വന്ധ്യതയെ പ്രതിരോധിക്കുകയെന്നത് സാധ്യവുമല്ല.
ഭക്ഷണരീതി...
മോശം - ഭക്ഷണങ്ങള്‍, എന്നുവച്ചാല്‍ ആവശ്യത്തിന് പോഷകങ്ങള്‍ നമുക്ക് ഉറപ്പ് വരുത്തുന്നില്ലെന്ന് മാത്രമല്ല ശരീരത്തിന് പലവിധത്തില്‍ ദോഷമാകുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുക കൂടി ചെയ്യുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്ന ശീലം പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കാം. കൂട്ടത്തില്‍ വന്ധ്യതയ്ക്കും സാധ്യത വരുന്നു.
ബീജത്തിന്‍റെ കൗണ്ടിനും ആരോഗ്യത്തിനുമെല്ലാം ശരിയായ പോഷകങ്ങള്‍ വേണം. ഇവ കിട്ടാത്തപക്ഷം വന്ധ്യതയ്ക്കുള്ള സാധ്യതയൊരുങ്ങുകയായി. അതുപോലെ തന്നെ അമിതവണ്ണവും ധാരാളം പേരില്‍ വന്ധ്യതയ്ക്ക് കാരണമായി വരുന്നുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കുക. പോഷകങ്ങളെല്ലാം ഉറപ്പുവരുത്തിക്കൊണ്ട് ബാലൻസ്ഡ് ആയി ഡയറ്റ് കൊണ്ടുപോവുക. പുറത്തുനിന്നുള്ള ഭക്ഷണം കുറച്ച് വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ഹെല്‍ത്തിയായ ഭക്ഷണം സമയത്തിന് കഴിച്ച് ശീലിക്കുക. ശരീരഭാരവും നിയന്ത്രിക്കുക.
ലഹരി...
പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗമെല്ലാം ക്രമേണ പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം.
കായികാധ്വാനം...
വ്യായാമം ചെയ്യാതിരിക്കുക, മറ്റ് കായികാധ്വാനങ്ങളേതും ചെയ്യാതിരിക്കുക - എന്നിവയെല്ലാം ആരോഗ്യത്തെ ആകെയും പ്രതികൂലമായി ബാധിക്കാം. ഒപ്പം പുരുഷന്മാരില്‍ അത് വന്ധ്യതയ്ക്കുള്ള സാധ്യതയുമുണ്ടാക്കുന്നു. പ്രത്യേകിച്ച് പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ചല്ല ശരീരഭാരം എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
കാലാവസ്ഥ...
അമിതമായ ചൂട് ക്രമേണ പുരുഷന്മാരില്‍ ബീജോത്പാദനത്തിന് പ്രശ്നം സൃഷ്ടിക്കാം. കുളിക്കാൻ പതിവായി ചൂടുവെള്ളമുപയോഗിക്കുന്നവരാണെങ്കില്‍ ഈ വെള്ളത്തിന്‍റെ ചൂട് പോലും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ചില ജോലികള്‍ ചെയ്യുന്നവരും ചൂടുള്ള അന്തരീക്ഷത്തില്‍ അധികസമയം ചെലവിടേണ്ടി വരാം. ഇവരിലും ഇതുമൂലം വന്ധ്യത സാധ്യത കൂടുന്നു. ചൂടിന് പുറമെ ഇറുകിയ വസ്ത്രധാരണവും പതിവാക്കുന്നത് നല്ലതല്ല.
കെമിക്കലുകള്‍...
ചൂട് പോലെ തന്നെ ചില കെമിക്കലുകളും തിരിച്ചടിയാണ്. മലിനീകരണം, കീടനാശിനികളുടെ അംശം എപ്പോഴും ഉള്ളില്‍ കടക്കുന്നത്, മറ്റേതെങ്കിലും വഴി വിഷാംശങ്ങള്‍ അകത്തെത്തുന്നത്, ജോലിസംബന്ധമായോ മറ്റോ കെമിക്കലുകള്‍ പതിവായി ശ്വസിക്കുകയോ എങ്ങനെയെങ്കിലും ശരീരത്തിന് അകത്തെത്തുകയോ ചെയ്യുന്നത് എല്ലാം വന്ധ്യതയിലേക്ക് നയിക്കാം.
ഹോര്‍മോണ്‍ പ്രശ്നങ്ങള്‍...
പുരുഷന്മാരിലെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഹോര്‍മോണുകളുടെ ബാലൻസ് തെറ്റുന്നതും വന്ധ്യതയിലേക്ക് നയിക്കാം. ഇതിന് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്.
അസുഖങ്ങള്‍...
പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവയും വന്ധ്യയിലേക്ക് നയിക്കുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍...
സ്ട്രെസ്, ആംഗ്സൈറ്റി (ഉത്കണ്ഠ), വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും ഇതുപോലെ തന്നെ വന്ധ്യതയിലേക്ക് നയിക്കാം. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗം തന്നെയാണ് ഇതും.
Also Read:- മഴക്കാലത്തെ ഫംഗല്‍ അണുബാധകള്‍ ഒഴിവാക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

