വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും കുടലിന്‍റെ ആരോഗ്യം മോശമാകാം. 

വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും കുടലിന്‍റെ ആരോഗ്യം മോശമാകാം. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം... 

ഒന്ന്...

സംസ്കരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. മിക്ക ജങ്ക്/ഫാസ്റ്റ് ഫുഡ് ഇനങ്ങളും, പാക്കേജുചെയ്ത ലഘുഭക്ഷണങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളില്‍ ഉൾപ്പെടും. അവയിൽ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലാണ്. അവ നിങ്ങളുടെ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കാം. 

രണ്ട്...

പഞ്ചസാരയുടെ അമിത ഉപയോഗവും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ആവശ്യത്തിലധികം മധുരം കഴിക്കുന്നതും ഗട്ടിലെ സഹായപ്രദമായ സൂക്ഷ്മ ബാക്ടീരിയകളെ അവതാളത്തിലാക്കും. അമിതമായ അളവിലുള്ള പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാകാം. 

മൂന്ന്...

വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കുക. ഇത് ശരീരത്തിന് വേണ്ട പല പോഷകങ്ങള്‍‌ ലഭിക്കാനും സഹായിക്കും. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കത്തെ ബാധിക്കാം. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. 

നാല്...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. 

അഞ്ച്...

കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സ്. ആപ്പിൾ, വാഴപ്പഴം, ബാർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, ബീൻസ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

അമിത മദ്യപാനവും ഗട്ട് സംവിധാനത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ മോശമായി ബാധിക്കും. ഇത് ദഹനത്തെയും ബാധിക്കാം. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കാം. 

ഏഴ്...

സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം തുടങ്ങിയവ ശീലമാക്കാം. കൃത്യ സമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരം. 

Also Read: ഗർഭിണികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സിങ്ക് അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo