വിഷാദം, ഉത്കണ്ഠ എന്നുതുടങ്ങി പല മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്നവരില്‍ ആത്മഹത്യക്കുള്ള പ്രവണതയും കാണാറുണ്ട്. പലപ്പോഴും സമയത്തിന് സഹായം ലഭിക്കാതിരിക്കുന്നതിനെ തുടര്‍ന്നാണ് വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞുപോകുന്നതും. 

ഇതിന് പരിഹാരമെന്നോണം ആത്മഹത്യാപ്രവണതയുള്ളവരെ ആ ചിന്തകളില്‍ നിന്ന് എളുപ്പത്തില്‍ മോചിപ്പിക്കാന്‍ പുതിയ മരുന്ന് പരിചയപ്പെടുത്തുകയാണ് അമേരിക്ക. സത്യത്തില്‍ വിഷാദരോഗികളായ ചെറിയ ശതമാനം പേര്‍ക്ക് നേരത്തേ മുതല്‍ തന്നെ ഈ മരുന്ന് നല്‍കിവരുന്നുണ്ട്. 

2019 മാര്‍ച്ചിലാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ 'സ്പ്രവാറ്റോ' എന്ന മരുന്നിന് ആദ്യം അനുമതി ലഭിക്കുന്നത്. അപ്പോള്‍ മുതല്‍ തന്നെ ചുരുക്കം രോഗികള്‍ക്ക് ഇത് നല്‍കിവരുന്നുണ്ട്. എന്നാല്‍ ആത്മഹത്യപ്രവണതയുള്ളവരെ കുറഞ്ഞ സമയം കൊണ്ട് അത്തരം മോശം മാനസികാവസ്ഥയില്‍ നിന്ന് കര കയറ്റാന്‍ ഈ മരുന്നിനാകും എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇപ്പോള്‍ അത്തരം രോഗികള്‍ക്ക് കൂടി ഇത് നല്‍കാനുള്ള അനുമതിയാണ് 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍' നല്‍കിയിരിക്കുന്നത്. 

മൂക്കിനകത്തേക്ക് സ്േ്രപ ചെയ്യാവുന്ന (നേസല്‍ സ്‌പ്രേ) മരുന്നാണിത്. പരീക്ഷണഘട്ടത്തില്‍ മരുന്ന് പ്രയോഗിച്ച് അധികം വൈകാതെ തന്നെ രോഗികളില്‍ മാറ്റം കണ്ടുവെന്നാണ് 'ജോണ്‍സണ് ആന്റ് ജോണ്‍സണ്‍- യുഎസ് ന്യൂറോസയന്‍സ് മെഡിക്കല്‍ അഫയേഴ്‌സ് യൂണിറ്റ്' വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറയുന്നത്. 

അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യകളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് മരുന്നിന് അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് കാലം കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടേതാണെന്നും ആളുകളില്‍ ആത്മഹത്യാപ്രവണത കൂടുമെന്നുമുള്ള മാനസികാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കൂടി വന്നതോടെ ഈ നടപടികള്‍ക്ക് ആക്കം കൂടി. 

കൊവിഡിന് മുമ്പ് തന്നെ അമേരിക്കയിലെ ആത്മഹത്യ തോത് വളരെ കൂടുതലായിരുന്നു. 1999 മുതല്‍ 2016 വരെ മാത്രം 30 ശതമാനം വര്‍ധനവാണ് ആത്മഹത്യയുടെ കാര്യത്തില്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 11 മുതല്‍ 12 ശതമാനം വരെയുള്ളവര്‍ സാരമായ വിഷാദരോഗം നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ 'സ്പ്രവാറ്റോ'യ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ അനുമതി വലിയ പ്രത്യാശകളാണ് പകരുന്നത്.

Also Read:- മരിക്കുന്നതിന് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞുവെന്ന് മുംബൈ പൊലീസ്...