എച്ച്ഡിഎല്‍ കൊളസ്ട്രോൾ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് മീനെണ്ണ. ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലും എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്തുന്നതിലും മീനെണ്ണയിൽ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് വലിയൊരു പങ്കുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.

ഇന്ന് എല്ലാ പ്രായക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. മോശം കൊളസ്ട്രോളും (എൽ‌ഡി‌എൽ) നല്ല കൊളസ്ട്രോളും(എച്ച്ഡിഎൽ). എൽ‌ഡി‌എൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിനുള്ള സാധ്യത വർ‌ധിപ്പിക്കുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. എൽഡിഎൽ കൊളസ്ട്രോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലും നല്ല കൊളസ്ട്രോൾ ഉയർത്തുന്നതിലും മീനെണ്ണയിൽ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് വലിയൊരു പങ്കുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പുകവലി, മദ്യം, മധുരപലഹാരങ്ങൾ എന്നിവ ട്രൈഗ്ലിസറൈഡുകളുടെ തോത് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നു. 28 പുരുഷന്മാരിലും 53 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ദിവസേനയുള്ള മീനെണ്ണയുടെ ഉപയോ​ഗവും വ്യായാമത്തിന്റെയും സ്വാധീനം ഗവേഷകർ വിലയിരുത്തി.

ഒരു ​ഗ്രൂപ്പിന് മീനെണ്ണ നൽകുകയും വ്യായാമം ചെയ്യാനും നിർദേശിച്ചു. മീനെണ്ണ കഴിച്ച ​ഗ്രൂപ്പിന് എച്ച്ഡിഎൽ കൊളസ്ട്രോൾ 11.60 ശതമാനം വർധിച്ചതായി കണ്ടെത്തി. സാൽമൺ മത്സ്യം ആഴ്ച്ചയിൽ രണ്ട് തവണ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് ​ഗവേഷകർ‌ പറയുന്നു. 

എന്താണ് ട്രൈഗ്ലിസറൈഡുകൾ...

രക്തത്തിൽ കാണപ്പെടുന്ന ഒരിനം കൊഴുപ്പാണിത്. ശരീരത്തിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊർജം ട്രൈഗ്ലിസറൈഡായി മാറുന്നു. കൊഴുപ്പു കോശങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊർജാവശ്യം നിറവേറ്റണമെങ്കിൽ ഇവ ഹോർമോണുകളുടെ പ്രവർത്തനഫലമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്ജ്ജത്തേക്കാൾ കൂടുതൾ കലോറി തരുന്ന ഭക്ഷണം പതിവായി കഴിക്കുമ്പോൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടാം. ട്രൈഗ്ലിസറൈഡ് കൂടുമ്പോൾ മസ്തിഷ്കാഘാതം, ഹൃദ്രോഗം, ഹൃദയസ്തംഭനം, പാൻക്രിയാസിൽ വീക്കം ഇവയ്ക്ക് കാരണമായേക്കാം.